April 27, 2024

ഉമ്മൻചാണ്ടിയുടെ പടിഞ്ഞാറത്തറ പ്രസംഗം

0
Img 20210330 Wa0015.jpg
*ഉമ്മൻചാണ്ടിയുടെ പടിഞ്ഞാറത്തറ പ്രസംഗം.*

*2021 മാർച്ച് 30*
*തയ്യാറാക്കിയത് ജിത്തു തമ്പുരാൻ*
ടി. സിദ്ദിഖിനെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്നത് എന്നും നിങ്ങൾക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒരു കാര്യമാണ്. സിദ്ദിഖിന്റെ ആശയങ്ങളും ആളും സമീപനങ്ങളും എല്ലാം എന്നും പുരോഗമന രീതിയോട് ചേർന്നുനിൽക്കുന്നതാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് ആണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. 
ലോകം മുഴുവൻ കൊറോണ ഭീഷണിയിൽ നിൽക്കുകയാണ്.കൊറോണ ആരോഗ്യരംഗത്ത് ഉണ്ടാക്കിയതിന്റെ അനേകമടങ്ങ് പ്രത്യാഘാതം സാമ്പത്തികരംഗത്ത് ഉണ്ടാക്കിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞതവണ കേരളം ഭരിച്ച ഇടതുമുന്നണി ഗവൺമെൻറിനെ വിലയിരുത്തുന്ന ഒരു തെരഞ്ഞെടുപ്പാണ് . വയനാടിനെ സംബന്ധിച്ചിടത്തോളം ഈ ഗവൺമെൻറ് എല്ലാതരത്തിലും വയനാടിനെ വഞ്ചിച്ചിരിക്കുകയാണ്. വയനാടിനോട് ഏറ്റവും നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ ഇടതു ഗവൺമെൻറ് സ്വീകരിച്ചത്. 
2011 ൽ ഞാൻ മുഖ്യമന്ത്രിയായി ആദ്യം വയനാട്ടിൽ വരുമ്പോൾ എനിക്ക് കിട്ടിയ നിവേദനം വയനാട് മെഡിക്കൽ കോളജ് വേണം എന്നതായിരുന്നു . വയനാട്ടിലെ വിവിധ ആശുപത്രികളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു വാഹനങ്ങളിൽ പോകുന്ന നേരത്ത് ചുരത്തിൽ കുടുങ്ങി മരിച്ച നിരവധി ഹതഭാഗ്യരുടെ പേരും അഡ്രസ്സും അടക്കമുള്ള വലിയൊരു ലിസ്റ്റ് എൻറെ കയ്യിൽ നിവേദനമായി കിട്ടി . ഇനിയും ഇത് ആവർത്തിച്ചു കൂടാ എന്ന തീരുമാനത്തിന്റെ പേരിൽ അന്നത്തെ യുഡിഎഫ് ഗവൺമെൻറ് നടപടി തുടങ്ങി . അന്ന് മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ നോക്കുമ്പോൾ ഏറ്റവും പിന്നാക്കം നിൽക്കുന്നത് ഈ വയനാട് ആയിരുന്നു. അങ്ങനെ യുഡിഎഫ് ഗവൺമെൻറിൻറെ നേതൃത്വത്തിൽ വയനാട്ടിനും മെഡിക്കൽ കോളേജ് എന്ന കാര്യം തീരുമാനമായി . നിങ്ങൾക്കറിയാം ശ്രീ വീരേന്ദ്രകുമാറിന്റെ കുടുംബം അതിനുവേണ്ടി 50 ഏക്കർ സ്ഥലം സൗജന്യമായി തന്നു .
പക്ഷേ ഈ ഗവൺമെൻറ് ചെയ്തത് എന്താണ് ? അവർ വന്ന ഉടനെ വയനാട് മെഡിക്കൽ കോളേജ് മരവിപ്പിച്ചു . എന്നിട്ടിപ്പോൾ കാലാവധി തീരാൻ നേരത്ത് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി ഓർഡർ ഇറക്കി. ഉത്തരവാദിത്വമില്ലാത്ത ഒരു ഗവൺമെൻറിൻറെ ഇത്തരം നടപടികൾ നിങ്ങൾ വിലയിരുത്തൂ. യുഡിഎഫിന് സൗജന്യമായി കിട്ടിയ ഒരു സ്ഥലം, എല്ലാവരും തീരുമാനിച്ചുറപ്പിച്ച ഒരു സ്ഥലം , വേണ്ടെന്നാണ് മാർക്സിസ്റ്റ് പാർട്ടിയുടെ തീരുമാനത്തിൽ ഉള്ള ഒരു ഗവൺമെൻറിന് എങ്കിൽ അത് ആയിക്കോളൂ ഞങ്ങൾക്ക് അതിൽ വിരോധമില്ല പക്ഷേ പകരം ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കണമായിരുന്നു. 
പകരം ഒരു മെഡിക്കൽ കോളേജിന് ഉള്ള നടപടി എടുത്തിരുന്നെങ്കിൽ ഞാനിങ്ങനെ വിമർശിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണ് ? വയനാടിന് മെഡിക്കൽ കോളേജും ഇല്ല ,ജില്ലാ ആശുപത്രിയും ഇല്ല . മാധ്യമങ്ങൾ ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഉന്നയിക്കേണ്ടതാണ് . ഇത് ഒരു ദേശത്തോട് ചെയ്യുന്ന ക്രൂരതയാണ്. അഞ്ചുകൊല്ലം കിട്ടിയിട്ടും നിങ്ങളെക്കൊണ്ട് ഇതിനു സാധിച്ചില്ലല്ലോ ? 
യുഡിഎഫ് എല്ലാ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് എന്ന ലക്ഷ്യം തീരുമാനിച്ച് മൂന്നു ജില്ലകളിൽ അഞ്ചുവർഷം കൊണ്ട് മെഡിക്കൽ കോളേജ് പൂർത്തീകരിച്ചിരിക്കുന്നു.മഞ്ചേരി ,പാലക്കാട്, ഇടുക്കി, എന്നിവയായിരുന്നു അത്.
മാനന്തവാടിയിൽ മെഡിക്കൽ കോളേജ് ഡിക്ലയർ ചെയ്തു എന്നത് ശരി തന്നെ. പക്ഷേ വെറും വാക്ക് കൊണ്ട് ആയില്ലല്ലോ ?.ജില്ലാ ആശുപത്രി യാണെങ്കിൽ ജില്ലാ പഞ്ചായത്ത് ആണ് അതിൻറെ അധികാരി . മെഡിക്കൽ കോളേജ് ആണെങ്കിൽ ഗവൺമെൻറ് അധികാരി ആണ് . മാനം മര്യാദയ്ക്ക് നടക്കുന്ന ഒരു ജില്ലാ ആശുപത്രി ആയിരുന്നു മാനന്തവാടി . ജില്ലാ ആശുപത്രിക്ക് ഫണ്ട് അലോട്ട് ചെയ്ത ജില്ലാ പഞ്ചായത്തിന് ആ ആശുപത്രി മെഡിക്കൽ കോളേജ് ആയപ്പോൾ ഫണ്ട് അലോട്ട് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടുകയായിരുന്നു. 
ഇവിടെ വന്യമൃഗശല്യം അതിരൂക്ഷമാണ്.യുഡിഎഫ് ഗവൺമെന്റിന് അത് പൂർണമായി ബോധ്യപ്പെട്ടതാണ്.ഞാൻ ഇതിലെ കാട്ടിലൂടെ സഞ്ചരിച്ചിട്ടുണ്ട്.കാട്ടിലുള്ള ആദിവാസി കുടുംബങ്ങളെ കാടിന് പുറത്തേക്ക് കൊണ്ടുവരാനുള്ള ഒരു ഗവൺമെൻറ് ഓഫ് ഇന്ത്യ സ്കീം ഉണ്ടായിരുന്നു.സുൽത്താൻ ബത്തേരി ക്ക് സമീപമുള്ള ആ മേഖലയിൽ നിന്ന് കാട്ടിൽ നിന്ന് 138 കുടുംബങ്ങളെ ഞങ്ങൾ പുറത്തേക്ക് കൊണ്ടുവന്നു. ഇന്നിപ്പോൾ കർഷകർക്ക് വലിയ നാശം ആയിട്ടാണ് വന്യമൃഗങ്ങളുടെ ആക്രമണം നടക്കുന്നത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ യുഡിഎഫിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.അത് ആവശ്യമാണ്. ഇവിടെ താമസിക്കുന്ന ജനങ്ങളൾക്ക് അവരുടെ കൃഷിയുടെ സംരക്ഷണത്തിന് മതിയായ സംവിധാനമുണ്ടാകണം.കർഷകന് നാശനഷ്ടം വന്നുകൊള്ളട്ടെ എന്ന നയം യുഡിഎഫ് സ്വീകരിക്കില്ല. കൃഷിക്കാരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട് . കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കാനും കാർഷികോൽപ്പന്നങ്ങൾക്ക് വിപണനം നടത്താനും വ്യക്തമായ ഒരു സംവിധാനം വേണം. അതിന് കർഷകരുമായി ആലോചിച്ച് പ്രവർത്തിക്കാൻ യുഡിഎഫ് തയ്യാറാണ് . റബർ മാർക്കറ്റ് 80 രൂപ യുള്ളപ്പോൾ യുഡിഎഫ് 150 രൂപ താങ്ങുവില പ്രഖ്യാപിച്ച് 70 രൂപ സബ്സിഡി കൊടുത്തു. അതിൽനിന്നും താങ്ങുവില ഉയർത്താൻ ഈ ഗവൺമെൻറ് തയ്യാറായിട്ടില്ല . യുഡിഎഫിന് എന്ത് ചെയ്യാൻ പറ്റും എന്നത് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് ഞാൻ അത് വിശദീകരിക്കുന്നില്ല.
ആ പ്രകടനപത്രിക യാഥാർത്ഥ്യബോധത്തോടെ കൂടി പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിന് പ്രതിജ്ഞാബദ്ധം ആയിട്ടുള്ള നേതാക്കൾ ഇവിടെയുണ്ട്. യുഡിഎഫ് നിലവിൽ കൊണ്ടുവരും എൽഡിഎഫ് തകർക്കും .ഇതാണ് കഴിഞ്ഞ ഗവൺമെൻറിൻറെ കാലത്ത് കണ്ടത് . 2011 ൽ സൗജന്യ അരി വിതരണം ബിപിഎൽ കാർഡ് കാർക്ക് കൊടുക്കണം എന്ന് തീരുമാനം ആയിട്ട് ഉണ്ടായിരുന്നു . അഞ്ചുവർഷം യുഡിഎഫ് അത് നിർവഹിച്ചു. ഇവർ വന്നു ഒരു കിലോയ്ക്ക് രണ്ടു രൂപ ഈടാക്കാൻ തീരുമാനിച്ചു. ഇത്തവണയും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബിപിഎൽ കാർക്ക് സമ്പൂർണ്ണ സൗജന്യ അരി വിതരണം ചെയ്യുക തന്നെ ചെയ്യും. 
ആരോഗ്യ രംഗത്ത് നിരവധി പദ്ധതികൾ യുഡിഎഫ് വിഭാവനം ചെയ്തിട്ടുണ്ട്. കാരുണ്യ ബെനവെലന്റ് ഫണ്ട്, കാരുണ്യ ലോട്ടറി, ഒറ്റ പൈസ ഖജനാവിൽ നിന്ന് ചെലവില്ലാതെ പാവങ്ങളെ സഹായിക്കുന്ന സ്കീം ആണ് കാരുണ്യ ലോട്ടറി . കാരുണ്യ ലോട്ടറിയിലെ ഒരൊറ്റ ടിക്കറ്റ് പോലും വിൽക്കാതെ മടങ്ങിയിട്ടില്ല. കാരണം ജനങ്ങൾക്ക് യുഡിഎഫ് നോട് അത്രയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു.കാരുണ്യ ലോട്ടറി കാരുണ്യ ബെനവെലന്റ് ഫണ്ട് ഇവ എൽഡിഎഫ് നിർത്തി. ഏതൊക്കെ ഫണ്ടുകൾ , സ്കീമുകൾ അവർ മരവിപ്പിച്ചുവോ, അതുകൊണ്ട് പാവങ്ങളെ കഷ്ടത്തിൽ ആക്കിയോ, ആ സ്കീമുകൾ എല്ലാം യുഡിഎഫ് ഗവൺമെൻറ് വന്നാൽ തിരികെ കൊണ്ട് വന്നിരിക്കും എന്ന് ഇവിടെ ഉറപ്പുനൽകുന്നു.ഐക്യ ജനാധിപത്യമുന്നണി ഗവൺമെൻറ് അധികാരത്തിൽ വന്നില്ലെങ്കിൽ ഈ നാടിന് സർവ്വനാശം ആയിരിക്കും. എത്ര കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി എഴുതിയ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റിയില്ലേ ? ഇതൊന്നുമല്ല കേരളം ആഗ്രഹിക്കുന്നത്. സമാധാനം സാഹോദര്യം പരസ്പരവിശ്വാസം ന്യായവും നീതിയും നടക്കുന്ന സിവിൽ സ്റ്റേഷൻ ഇവയൊക്കെയാണ് നമുക്ക് ആവശ്യം. അതിന് യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ് എന്ന് ഇവിടെ ഉറപ്പുനൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *