ഇബ്രാഹിമിന്റെ കുടുംബത്തെ ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു
ഇബ്രാഹിമിന്റെ കുടുംബത്തെ ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു
മേപ്പാടി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി, ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു. ഇബ്രാഹിമിന്റെ വിഷയത്തില്‍ ഇടപെടുന്നത് മനുഷ്യാവകാശ പ്രശ്‌നം എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് എം എല്‍ എ പറഞ്ഞു. ഇബ്രാഹിം നേരിടുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. രണ്ട് തവണ ഹൃദയ സംബന്ധമായ അസുഖബാധിതനായ അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതിന് പുറമെ കടുത്ത പ്രമേഹബാധിതന്‍ കൂടിയ അദ്ദേഹത്തിന് വലിയ രീതിയിലുള്ള ഭാരക്കുറവുമുണ്ടായിട്ടുണ്ട്. പല്ലുകള്‍ കൊഴിഞ്ഞുപോയതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഇത്തരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളയാളെ ആറ് വര്‍ഷത്തിലധികമായി വിചാരണ നടത്താതെ ജയിലിലിട്ടിരിക്കുന്നുവെന്നത് ഗൗരവതരമായ പ്രശ്‌നമാണ്. അതുകൊണ്ടാണ് മനുഷ്യാവകാശവിഷയം എന്ന രീതിയില്‍ കുടുംബത്തെ സന്ദര്‍ശിച്ച് അവരുടെ വേദന അറിയാന്‍ ശ്രമിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. വിഷയത്തില്‍ ഇബ്രാഹിമിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, കുടുംബത്തിന്റെ ആശങ്കയകറ്റണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ് നേതാക്കാളായ പി പി ആലി, അഡ്വ. ടി ജെ ഐസക്, റസാഖ് കല്‍പ്പറ്റ, ബി സുരേഷ്ബാബു, രാജു ഹെജമാഡി, ഗോകുല്‍ദാസ് കോട്ടയില്‍, കെ ജി വര്‍ഗീസ്, ആര്‍ ഉണ്ണികൃഷ്ണന്‍, നാസര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Leave a Reply