ജില്ലാ വികസന സമിതി യോഗം ചേർന്നു; കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റിന് കാലതാമസം ഉണ്ടാകില്ല- ജില്ലാ കലക്ടര്‍


Ad
കൽപ്പറ്റ: ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്ക് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ എ. ഗീത വ്യക്തമാക്കി. ഭൂപരിഷ്‌ക്കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയാണോ എന്നത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപേക്ഷകരുടെ ആവശ്യം പരിഗണിച്ച് സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ അറിയിച്ചു. കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതിന് അടിയന്തര പരിഹാരം കാണണമെന്ന ടി. സിദ്ദിഖ് എം.എല്‍.എ യുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കലക്ടര്‍. കണിയാമ്പറ്റ വില്ലേജില്‍ ഇത് സംബന്ധമായി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കാമെന്നും എം.എല്‍.എയുടെ ആവശ്യ പ്രകാരം കലക്ടര്‍ പറഞ്ഞു.
കിഫ്ബിയിലും മറ്റ് സ്‌കീമുകളിലും ഉള്‍പ്പെട്ട ജില്ലയിലെ ഫോറസ്റ്റ് ഫെന്‍സിംഗ് പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയവര്‍ക്കു തുടര്‍ ചികിത്സ കൂടാതെ നഷ്ടപരിഹാരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന ടി. സിദ്ദിഖ് എം.എല്‍.എ യുടെ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയ്ക്കായി അയയ്ക്കും. മുട്ടില്‍ പഴശ്ശി കോളനിയില്‍ രണ്ട് കുട്ടികള്‍ മരിക്കുക്കാനിടയായ മണ്ണിടിച്ചിലില്‍ മാറ്റിത്താമസിപ്പിക്കേണ്ട വന്ന രണ്ട് ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും ഷെഡുകളില്‍ കഴിയുകയാണെന്നും ഇവരെ പുനരധിവാസം അടിയന്തര നടപടി വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇവര്‍ക്ക് സര്‍ക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും ഇതിനകം നല്‍കിയതായും പുനരധിവാസം മുന്തിയ പരിണന നല്‍കി പൂര്‍ത്തിയാക്കുമെന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
പട്ടികവര്‍ഗ കോളനികളില്‍ പൈതൃക ഭവന പദ്ധതി നിര്‍മ്മാണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയ പദ്ധതികള്‍ക്ക് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി വേണമെന്നു ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കാരാപ്പുഴ ഡാമിന്റെ ബെല്‍റ്റ് ഏരിയയില്‍ ആദിവാസി കുടംുബങ്ങളുടെ വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും പട്ടികവര്‍ഗ വകുപ്പും കാരാപ്പുഴ ജലസേചന വിഭാഗവും സംയുക്ത പരിശോധന നടത്തി വേണം ഭവന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അംബേദ്ക്കര്‍ മാതൃകാ സെറ്റില്‍മെന്റ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെ സമീപന രേഖ ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക യോഗത്തില്‍ വെച്ച് ജനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ്, നഗരസഭാ അധ്യക്ഷര്‍, എ.ഡി.എം ഷാജു എന്‍.ഐ, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സുഭദ്ര നായര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *