വേലിയിൽ കുടുങ്ങിയ കേഴമാനിനെ പിടികൂടി ഇറച്ചി ശേഖരിച്ച കേസിൽ നാല് പേർ പിടിയിൽ
കൽപ്പറ്റ: കേഴമാനിന്റെ ഇറച്ചി ശേഖരിച്ച കേസിൽ നാല് പേർ പിടിയിൽ. സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ പരിധി യിൽ വരുന്നതും കോട്ടപ്പടി വില്ലേജിൽ നെടുമ്പാല ഭാഗത്തു നിന്നും കേഴമാനിനെ കൊന്ന് ഇറച്ചി ശേഖരിച്ച് വിൽപ്പന നടത്തിയ കേസ്സിൽ നാല് പ്രതികളെയും ബൈക്കും വനപാലകർ പിടികൂടി. മേപ്പാടി നെടുമ്പാല ഭാഗം കേന്ദ്രീകരിച്ച് വന്യ മൃഗങ്ങളെ അനധികൃതമായി പിടികൂടി കൊന്ന് ഇറച്ചി ശേഖരിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്ന് സംശയിക്കുന്നു. പിടിയിലായവരെക്കുടാതെ മറ്റു പ്രതികൾ കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും ഉടൻ പിടികൂടുമെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ പ്രദീപൻ കെ.സി അറിയിച്ചു. കോവിഡ് 19 രൂക്ഷമായിത്തുടരുന്ന പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികളാവും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമ്പാല സ്വദേശിയായ ശിവകുമാർ എന്നയാളുടെ വേലിയിൽ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ കേഴമാനിനെയാണ് ഇവർ പിടികൂടി ഇറച്ചി ശേഖരിച്ചത്. പ്രതികളായ മേപ്പാടി നെടുമ്പാല ഗാർഡൻ വീട് രാജൻ.എസ് ദുരൈ രാജ (48), , നെടുമ്പാല പാടി മോഹനൻ കെ.സി, (38),നെടുമ്പാല അരുവിക്കരയിൽ വീട്, ശിവകുമാർ.എ.കെ (40), നെടുമ്പാല എസ്റ്റേറ്റ് ഗിൽബർട്ട് ജി ( 40), എന്നിവരെ കോടതിയിൽ ഹാജരാക്കി. പ്രതികളെക്കൂടാതെ പ്രതികൾ ഇറച്ചി വിതരണം ചെയ്യുന്നതിനായി ഉപയോഗിച്ച ബൈക്കും മറ്റ് അനുബന്ധ ഉപകരണങ്ങളും വനം വകുപ്പധികൃതർ പിടികൂടിയിട്ടുണ്ട്.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ.സി പ്രദീപൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. സനിൽ, വി.ആർ ഷാജി, സെക്ഷൻ ഫോറസ്റ്റ് ഓഫീസ ർമാരായ കെ.ആർ വിജയനാഥ്, സി.സി. ഉഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രഞ്ജിത് എം.എ, അമൽ എം, റിജേഷ് എ.കെ, ഐശ്വര്യ സൈഗാൾ എന്നിവരും താത്ക്കാലിക വാച്ചർമാരും സംഘത്തിലുണ്ടായിരുന്നു.
Leave a Reply