റിസോർട്ട്കാർ അടച്ച കോളനി വഴി വനം വകുപ്പ് തുറന്ന് കൊടുത്തു


Ad
മേപ്പാടി: നിരവധി ആദിവാസി കുടുംബങ്ങൾ യാത്ര ചെയ്തിരുന്ന നടവഴി റിസോട്ടുകാർ അടച്ചത് വനം വകുപ്പ് തുറന്ന് കൊടുത്തു.
വാളത്തൂർ ബാലൻ കുണ്ട് ആദിവാസി കോളനിയിലെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി നടന്നിരുന്ന വഴി സ്വകാര്യ റിസോർട്ട് ഉടമകൾ അടച്ച് മുള്ളുവേലി സ്ഥാപിച്ചത് പരാതികളെത്തുടർന്ന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് വീണ്ടും തുറന്നു കൊടുത്തു. കോളനിയിലേക്കുള്ള വഴി അടച്ച ശേഷം തൊട്ടപ്പുറത്തെ വനത്തിലൂടെ അടിക്കാട് വെട്ടിത്തെളിച്ച് താല്ക്കാലിക നടവഴി റിസോർട്ടുകാർ തന്നെ വെട്ടിക്കൊടുത്തു. എന്നാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്ക് നടന്നു പോകാൻ കഴിയാത്ത രീതിയിലായിരുന്നു വഴിയുടെ അവസ്ഥ. കുണ്ടും കുഴികളും താണ്ടി സാഹസിക യാത്ര നടത്തി വേണമായിരുന്നു അവർക്ക് കോളനിയിലെത്താൻ.റിസോർട്ടുകാർ കോളനിക്കാർ വർഷങ്ങളായി ഉപയോഗിച്ചു വന്ന വഴി കമ്പിവേലി കെട്ടി അടച്ചതിനെത്തുടർന്ന് ദുർഘട പാത താണ്ടി യാത്ര ചെയ്യേണ്ടി വന്ന ആദിവാസികളുടെ ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ജൂലായ് 17 ന് മാധ്യമം റിപ്പോർട് ചെയ്തിരുന്നു. അതിന് ശേഷം റിസോർട്ടുകാർ തന്നെ കമുകിൻ തടികൾ കൊണ്ട് പടവുകൾ നിർമ്മിച്ച് വഴി വീണ്ടും നന്നാക്കി കൊടുത്തിരുന്നു. വഴി അടച്ചതു സംബന്ധിച്ച് പ്രദേശത്തുള്ള ചിലർ പട്ടിക വർഗ്ഗ വകുപ്പധികൃതർക്കും വനം വകുപ്പിനും പരാതികൾ നൽകിയിരുന്നതായി അറിയാൻ കഴിഞ്ഞു. സ്വകാര്യ വ്യക്തികൾക്ക് വനത്തിനുള്ളിലൂടെ വഴി നിർമ്മിക്കാൻ ആര് അനുമതി നൽകി എന്ന ചോദ്യവും ഉയർന്നു.വനാവകാശ നിയമമനുസരിച്ചാണിവിടത്തെ കുടുംബങ്ങൾക്ക് വനത്തിനുള്ളിൽ ഭൂമി അനുവദിച്ചിട്ടുള്ളത്. അവർക്ക് നൽകിയ കൈവശ രേഖയിൽ അവിടേക്കുള്ള വഴിയും രേഖപ്പെടുത്തിയിട്ടുണ്ടാകണം.ആ വഴി എവിടെ എന്ന ചോദ്യം അവശേഷിക്കുകയാണ്.അത് റിസോർട്ടുകാർ വനത്തിലൂടെ പുതുതായി നിർമ്മിച്ച വഴി ആകാനിടയില്ലെന്നതും വ്യക്തമാണ്. വഴി അടയ്ക്കാൻ മുമ്പും റിസോർട്ടുകാർ ശ്രമം നടത്തിയിരുന്നു. ട്രൈബൽ ഓഫീസർ നേരിട്ടെത്തി അടച്ച വഴി തുറന്നു കൊടുത്ത സംഭവവും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്.മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ബഡേരി സെക്ഷൻ പരിധിയാലാണ് ബാലൻകുണ്ട് ചോലനായ്ക്ക കോളനി. ഒന്നിലധികം കുടുംബങ്ങളിൽപ്പെട്ട 12 പേരാണ് ബാലൻ കുണ്ടിൽ കഴിയുന്നത്.പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെടുന്ന ഇവർക്ക് വഴി, വൈദ്യുതി, വീട് തുടങ്ങിയ സൗകര്യങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. തലമുറകളായി ഉപയോഗിച്ചിരുന്ന വഴി  അടച്ചതിന് പുറമെ വനത്തിൽ ഇറങ്ങി റിസോർട്കാർ വഴി നിർമ്മിച്ചിട്ടും വനംവകുപ്പധികൃതർ അനങ്ങിയില്ല എന്നു മാത്രമല്ല റിസോർട്ട് ഉടമയെ ന്യായീകരിക്കുന്ന തിരക്കിലുമായിരുന്നു അവർ.രണ്ടാം വട്ട വഴി നിർമ്മാണവും അവർ നടത്തുന്നത് വനം വകുപ്പധികൃതർ കണ്ടു നിന്നതേയുള്ളു. ഒരു ആദിവാസി സംഘടന, പശ്ചിമഘട്ട സംരക്ഷണ സമിതി എന്നിവരൊക്കെ സ്ഥലം സന്ദർശിക്കുകയും അധികൃതരടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു എങ്കിലും റിസോർട്ട് കാരുടെ സ്വാധീന വലയത്തിലായിരുന്ന അധികൃതർ ആദ്യം അനങ്ങിയില്ല. ഗ്രാമ പഞ്ചായത്ത് പോലും ആദിവാസികളെ സഹായിക്കാൻ തയ്യാറായില്ല.ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി രംഗത്തു വന്ന നാട്ടുകാരിൽ ചിലരെയൊക്കെ കള്ളക്കേസിൽ കുടുക്കാനും റിസോർട്ടുടമ ശ്രമിച്ചതായി ആക്ഷേപമുണ്ട്. ആദിവാസികളിൽ ഒന്നു രണ്ടു പേരെ സ്വാധീനിച്ച് പോലീസിൽ പരാതി കൊടുപ്പിക്കാനും റിസോർട്ട്കാർ തയ്യാറായി.എന്നാൽ തങ്ങളുടെ വഴി റിസോർട്ട് ഉടമ അടച്ചു എന്ന് അവർ തന്നെ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ തെളിവായി ഉള്ളതിനാൽ ആ നീക്കം പാളുകയായിരുന്നു. കൂടുതൽ പരാതികൾ വിവിധ സർക്കാർ വകുപ്പുകളിൽ എത്തുമെന്ന് മനസ്സിലായതോടെ ഒടുവിൽ വഴി വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *