April 18, 2024

ചിത്രശലഭ ദേശാടനം: വിവര ശേഖരണത്തിനു നൂതന വിദ്യകളുമായി ഫേണ്‍സ് സൊസൈറ്റി

0
Img 20211010 Wa0028.jpg
കല്‍പറ്റ: ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ചുള്ള പഠനത്തിനു വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി കൂടുതല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. നിലവില്‍ വെബ്ഫോമുകളും ഓപ്പണ്‍ ഡാറ്റ കിറ്റ്, കൊബോ തുടങ്ങിയ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം. പുതുതായി ഐനാച്ചുറലിസ്റ്റ് എന്ന ഓണ്‍ലൈന്‍ പൗരശാസ്ത്ര പോര്‍ട്ടലില്‍ 'ഡനൈന്‍ വാച്ച്' എന്ന പ്രോജക്ടിലൂടെ വിവരങ്ങള്‍ നല്‍കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തി. പശ്ചിമഘട്ടത്തിലെ കാടുകളില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പുമായി സഹകരിച്ച് ശലഭങ്ങളുടെ ചിറകുകളില്‍ ടാഗുകള്‍ പതിപ്പിച്ചു നിരീക്ഷിച്ചും ദേശാടനത്തെക്കുറിച്ചു വിവരശേഖരണം നടത്തും. ഫേണ്‍സ് സൊസൈറ്റി മൂന്നു വര്‍ഷം മുന്‍പാണ് 'ഡനൈന്‍ വാച്ച്' എന്ന പഠന പദ്ധതിയിലൂടെ ശലഭങ്ങളുടെ ദേശാടത്തെക്കുറിച്ചു വിവരശേഖരണം ആരംഭിച്ചത്. ദേശാടനശലഭങ്ങള്‍ എവിടെനിന്നു വരുന്നു, എവിടേക്ക് പോകുന്നു, ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം മാസങ്ങളില്‍ കാണപ്പെടുന്നു, ദേശാടനത്തിന് കാരണമായ ഘടകങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനു
ഫേണ്‍സ് സൊസൈറ്റി ആവിഷകരിച്ചതാണ് 'ഡനൈന്‍ വാച്ച്' പഠന പദ്ധതി.
കോടിക്കണക്കിനു ചിത്രശലഭങ്ങളാണ് വര്‍ഷത്തില്‍ രണ്ടു തവണ തെക്കേ ഇന്ത്യയിലൂടെ ദേശാടനം ചെയ്യുന്നത്. കരിനീലക്കടുവ, അരളിശലഭം എന്നിവയാണ് പ്രധാനമായും ദേശാടനം നടത്തുന്നത്. ഇതേക്കുറിച്ചു ആഴമുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. പശ്ചിമഘട്ടമലനിരകളില്‍ കാലവര്‍ഷം എത്തുന്നതിനു തൊട്ടുമുമ്പായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പൂര്‍വ്വഘട്ട പ്രദേശങ്ങളിലേക്കും കിഴക്കന്‍ സമതലങ്ങളിലേക്കും ശലഭങ്ങള്‍ ദേശാടനം ചെയ്യുന്നുണ്ട്. തുലാവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ഇന്ത്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍നിന്നു സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി ചിത്രശലഭങ്ങള്‍ പശ്ചിമഘട്ടത്തിലേക്കും സഞ്ചരിക്കുന്നുണ്ട്. ഈ ദേശാടനങ്ങളിലൂടെ ശക്തമായ മഴയില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ശലഭങ്ങള്‍ക്ക് കഴിയുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. 
വലിയ കൂട്ടങ്ങളായി ചിത്രശലഭങ്ങള്‍ ദേശാടനം ചെയ്യുന്നത് ആരുടേയും ശ്രദ്ധയാകാര്‍ഷിക്കുന്ന പ്രതിഭാസമാണ്. അതിനാല്‍ത്തന്നെ പൊതുജനങ്ങളില്‍നിന്നും വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം മുന്നോട്ടുപോകുന്നത്. സ്‌കൂള്‍ പരിസ്ഥിതി ക്ലബുകളെയും ശലഭ ദേശാടനത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനു പ്രയോജനപ്പെടുത്തുന്നുണ്ട്. ശലഭങ്ങളെ വാഹനങ്ങളില്‍ പിന്തുടര്‍ന്നു അവയുടെ ദേശാടന പാതകള്‍ മനസ്സിലാക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. 
കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരത്തിലധികം സ്ഥലങ്ങളില്‍ നിന്നും ചിത്രശലഭ ദേശാടനം സംബന്ധിച്ച വിവരങ്ങള്‍ സൊസൈറ്റിക്കു ഇതിനകം ലഭിച്ചു. ദേശാടന ശലഭങ്ങളുടെ കൂട്ടംചേരലിന് സഹായിക്കുന്ന കിലുക്കിച്ചെടികളെയും ശലഭങ്ങള്‍ക്ക് തേന്‍ പ്രദാനം ചെയ്യുന്നതും അവയിലൂടെ പരാഗണം ചെയ്യപ്പെടുന്നതുമായ സസ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങളും സൊസൈറ്റി ശേഖരിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് തെന്നിന്ത്യയിലെ ശലഭ ദേശാടനത്തിന്റെ പ്രാഥമിക മാപ്പ് തയാറാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ പഴനി മലനിരകള്‍ മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ പരിമിതമായതിനാല്‍ ആ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ വിവരം ശേഖരിക്കുന്നതിനു പ്രാധാന്യം നല്‍കുമെന്നു സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
പടം-കരിനീലിക്കടുവ.
പടം-അരളി ശലഭം.
പടം-വരയന്‍ കടുവ.
പടം-മാപ്പ്-
പശ്ചിഘട്ടത്തിലേക്കുള്ള ചിത്രശലഭ ദേശാടനത്തിന്റെ മാപ്പ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *