March 28, 2024

രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി അട്ടിമറിച്ചത് രാഷ്ട്രീയനാടകം: യു ഡി എഫ്

0
Img 20211027 Wa0009.jpg
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഒക്‌ടോബര്‍ 26ന് ഓണ്‍ലൈന്‍ ആയി നടത്താന്‍ നിശ്ചയിച്ചിരുന്ന പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അവസാന നിമിഷം അട്ടിമറിച്ച ജില്ലാ ഭരണകുടത്തിന്റെയും വിവിധ വകുപ്പുകളുടെയും നടപടി അപഹാസ്യവും കാടത്തവുമാണെന്ന് വയനാട് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആരോപിച്ചു. 2017-18ല്‍ അന്നത്തെ എം പി പരേതനായ എം.ഐ. ഷാനവാസ് മുന്‍കൈയെടുത്ത് എം എസ് ഡി പിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി ഇരുപത് ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. ഈ വര്‍ഷം പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഉദ്ഘാടന കാര്യങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് ഉദ്ഘാടനം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ഒക്ടോബര്‍ 26ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനായി പരിപാടി നടത്താനും രാഹുല്‍ ഗാന്ധി എം പി ഉദ്ഘാടകനായും, ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷനായും ഇരുവരുടെയും അനുവാദത്തോടെ തീരുമാനിക്കുകയും പനമരം ബ്ലോക്ക് പഞ്ചായത്ത് സ്വാഗത സംഘം രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ജില്ലാ കലക്ടര്‍ ഗീത ഐ എ എസിനെ 20ന് നേരില്‍ കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും കലക്ടര്‍ അതിഥിയായി പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തതാണ്. മാത്രമല്ല, 25ന് രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ ക്ഷണക്കത്തുമായി ജില്ലാ കലക്ടറെ നേരില്‍ കണ്ടതുമാണ്. എന്നാല്‍ 25ന് മൂന്ന് മണിക്ക് ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ വിളിച്ച് ഉദ്ഘാടന പരിപാടികള്‍ റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എ.ഡി.എമ്മും ഈ ആവശ്യം അറിയിക്കുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഈ നടപടി രാഹുല്‍ ഗാന്ധി എം.പിയെ അവഹേളിക്കുന്നതിനായി കരുതിക്കൂട്ടി രൂപം കൊടുത്ത രാഷ്ട്രീയ നാടകമാണ്. രാഹുല്‍ഗാന്ധിയുടെ വിനയവും ലാളിത്യവും ഒരു ദൗര്‍ബല്യമായി കാണരുതെന്ന് യു ഡി എഫ് ജില്ലാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഉദ്ഘാടന പരിപാടി റദ്ദ് ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നടപടിയില്‍ ഞങ്ങള്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം നടപടികള്‍ തുടരാനാണ് ഭാവമെങ്കില്‍ യു ഡി എഫ് കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും മന്ത്രിമാരെയും ജില്ലാ കലക്ടറെയും വഴിതടയുന്നതുള്‍പ്പടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും യു ഡി എഫ് ജില്ലാ നേതാക്കള്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *