April 28, 2024

പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കിയുള്ള കൃഷിരീതിക്കു പ്രാധാന്യം നൽകും: കൃഷി മന്ത്രി പി. പ്രസാദ്

0
Collagemaker 20211112 0610208552.jpg
തിരുവനന്തപുരം.
  പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചു കൊണ്ടും അവിടത്തെ ജൈവവൈവിധ്യത്തിനും ആവാസാവ്യവസ്ഥയ്ക്കും കോട്ടം തട്ടാതെയുള്ള  കൃഷിരീതികൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന് കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയിൽ വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ  സംരക്ഷണമെന്നത് കേവലം മലനിരകളുടെയും നീർച്ചാലുകളുടേയും സംരക്ഷണം മാത്രമല്ല അവിടങ്ങളിൽ വസിക്കുന്ന മനുഷ്യന്റെ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം ഉറപ്പു വരുത്തുക എന്നത് കൂടിയാണെന്ന് കൃഷി മന്ത്രി നിയമസഭയിൽ പറഞ്ഞു. ഓരോ പ്രദേശത്തേയും കാലാവസ്ഥയേയും മണ്ണിനേയും അടിസ്ഥാനമാക്കി കേരളത്തെ 5 അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അനുസരിച്ചുള്ള കാർഷിക പദ്ധതികളായിരിക്കും അവിടെ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. 
 സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ  കാർഷികവിളകളെ ഉൾപ്പെടുത്തികൊണ്ടും നിലവിലെ നഷ്ടപരിഹാരത്തുകയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടും പദ്ധതി പരിഷ്കരിക്കുമെന്നും  മന്ത്രി പറഞ്ഞു. നിലവിൽ 27 ഇനം കാർഷിക വിളകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പല  കർഷകരും കൂടുതൽ പുതിയ വിളകളും മറ്റും വിജയകരമായി കേരളത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ കൂടുതൽ വിളകളെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും
 ഉത്പാദന ചെലവിന് ആനുപാതികമായി നിലവിലെ നഷ്ടപരിഹാര തുകയിൽ മാറ്റം വരുത്തുവാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കൂടാതെ തേനീച്ച വളർത്തൽ കൂടി ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിനും പദ്ധതി ഉള്ളതായി കൃഷി മന്ത്രി അറിയിച്ചു. പ്രകൃതിക്ഷോഭം കാരണം തേനീച്ച കർഷകർക്കും വൻനഷ്ടം പലപ്പോഴും ഉണ്ടാകാറുണ്ട്. കോളനിയും കൂടും നശിച്ചുപോകുന്ന അവസ്ഥയുമുണ്ട്. ഈ രംഗത്തെ കർഷകരുടെ നിരന്തര അഭിപ്രായം കൂടി പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭ ദുരന്തങ്ങളിൽ കൃഷി ഭൂമിക്ക് കേടുപാടുകൾ വന്നിട്ടുള്ള പ്രദേശങ്ങളിൽ ഭൂമിയുടെ പുനസ്ഥാപനം 
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കൃഷിഭൂമി ഒലിച്ചുപോകൽ എന്നീ പ്രതിഭാസങ്ങളിൽ കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും.
നിയമസഭയിൽ ജി.എസ്. ജയലാൽ, കെ ഡി   പ്രസന്നൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ  അറിയിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *