ബാലാവകാശ സംരക്ഷണ വാരാചരണം സമാപിച്ചു

കൽപ്പറ്റ – ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികളുടെ സഹകരണത്തോടെ ഒരാഴ്ചയായി നടന്നു വരുന്ന 'ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി' ബാലാവകാശ വാരാചരണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് റൈഡ് ഫോര്‍ സേഫ് ചൈല്‍ഡ്ഹുഡ് സൈക്കിള്‍ റാലി, കുട്ടികളുടെ ബാലസൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാല എന്നിവ സംഘടിപ്പിച്ചു. വയനാട് സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ സൈക്കിള്‍ റാലി കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി ഷണ്‍മുഖന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ പങ്കെടുത്തവര്‍ക്ക് കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രമോദ് സര്‍ട്ടിഫിക്കറ്റും, മൊമെന്റോയും വിതരണം ചെയ്തു. ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ സി.കെ. ദിനേശന്‍, ജില്ലാ കോർഡിനേറ്റര്‍ എ.സി. ദാവൂദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ചേർന്ന് ബാലസൗഹൃദ പോലീസ് സ്റ്റേഷനായ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ബാലസൗഹൃദ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. വയനാട് പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മാധ്യമ ശില്പശാലയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. രാജേഷ് ബാലനീതി നിയമം, മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യേണ്ട ശൈലി എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു.



Leave a Reply