July 25, 2024

അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു – മന്ത്രി അഹമ്മദ് ദേവർകോവിൽ

0
Img 20211130 183515.jpg
  മാനന്തവാടി: രാജ്യത്തിൻ്റെ അധിനിവേശ   വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വർത്തമാനകാലത്ത് ചരിത്രത്തെ വക്രീകരിക്കാനും തലകീഴായി നിർത്താനും ശ്രമിക്കുന്നത് പരിതാപകരമാണെന്നും അവർക്ക് പഴശ്ശിയെപോലെയുള്ള ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിന്റെ മൂല്യം പകർന്നു കൊടുക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്നും തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മാനന്തവാടി പഴശ്ശികുടീരത്തില്‍ നടന്ന
ഇരുനൂറ്റിപ്പതിനേഴാമത് പഴശ്ശിദിനാചരണവും ചരിത്രസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
രാജാക്കൻമാരിലെ കലാപകാരിയായും കലാപകാരികളിലെ രാജാവായും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ കേരള വർമ്മ പഴശ്ശിരാജ നയിച്ച ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ സമാനതകളില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ചരിത്രം പഠിച്ച്, പോയകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാനുള്ള ബൗദ്ധിക ഔന്നത്യം നേടാൻ പുതിയ തലമുറക്ക് കഴിയണം. മറവികൾക്കെതിരെയുള്ള സർഗാത്മക സമരമാണ് ഓർമ്മകൾ എന്ന ബോധ്യം അവർക്കുണ്ടാകണം. ഭൂതകാലത്തിലെ അരുതായ്മകളെ പഠിക്കുന്നതും പഠിപ്പിക്കുന്നതും വക്രീകരിച്ച മാനസങ്ങളെ സൃഷ്ടിക്കാനാകരുത്. മറിച്ച് മനസ്സുകളെ തമ്മിൽ അടുപ്പിക്കുവാനും 
സഹജീവികളുടെ ദുഃഖങ്ങളെ തങ്ങളുടെ ദുഃഖങ്ങളായി കണ്ട് അവയെ പരിഹരിക്കുന്നതിനും വേണ്ടിയാകണം. വർത്തമാന കാലത്ത ശോഭനമാക്കാനാണ് ചരിത്രവിചാരങ്ങളും മനനങ്ങളും പഠനവും.
അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ ചെറുത്തു നിൽപ്പിന്റെ വീരേതിഹാസമാണ് കേരള വർമ്മ പഴശ്ശിരാജ.
സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏത് കടന്നു കയറ്റവും ദേശാഭിമാനികൾക്ക് മൃതിയേക്കാൾ ഭയാനകമാണെന്ന് സ്വന്തം ജീവിതം വഴി ലോകത്തിന് കാണിച്ച ധീരദേശാഭിമാനിയാണ് അദ്ദേഹം. അതുകൊണ്ടാണ് മൈസൂർ രാജ്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ വൈദേശിക ശക്തിയെ കൂട്ടുപിടിക്കാൻ പോലും അദ്ദേഹം മുതിർന്നത്. എന്നാൽ പിന്നീട് കാലുമാറിയ ഇവരെ ശക്തമായി ചെറുക്കാനും അദ്ദേഹം തയ്യാറായി.
ബ്രിട്ടിഷുകാർക്കെതിരെ ജനങ്ങളെ അണിനിരത്തി യുദ്ധം നയിച്ച ആദ്യത്തെ രാജാവാണ് കേരള വർമ്മ പഴശ്ശിരാജ. തന്റെ രാജ്യത്ത് നികുതി പിരിക്കാൻ കുറുമ്പ്രനാട് രാജാവിന് ബ്രിട്ടീഷ് ഭരണാധികാരികൾ അധികാരം നൽകിയത് ധീര ദേശാഭിമാനിയായ അദ്ദേഹത്തെ ചൊടിപ്പിച്ചു. സുഗന്ധ ദ്രവ്യങ്ങളിൽ ആകൃഷ്ടരായാണ് വൈദേശിക ശക്തികൾ മലബാറിൽ എത്തിയതെന്ന് മനസ്സിലാക്കിയ പഴശ്ശിരാജ അതേ നാണയത്തിൽ തന്നെ അവർക്ക് തിരിച്ചടി നൽകി. ബലം പ്രയോഗിച്ച് നികുതി പിരിച്ചാൽ കുരുമുളക് ചെടികൾ വെട്ടിക്കളയുമെന്ന് പഴശ്ശിരാജ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഭീഷണിപ്പെടുത്തി. എന്നാൽ കമ്പനി വീണ്ടും ഈ നടപടി തന്നെ ആവർത്തിച്ചപ്പോൾ ശക്തമായ ഒളിയുദ്ധത്തിന് അദ്ദേഹം തുടക്കമിട്ടു. ലോകം കണ്ട ഏറ്റവും നല്ല സൈന്യാധിപരിലൊരാളായ വില്ലിംഗ്ടൺ പ്രഭുവിന് പഴശ്ശിരാജയോട് ഒത്തു തീർപ്പിലെത്താൻ നിർബന്ധിതനാവേണ്ടിവന്നു.
എന്നാൽ ടിപ്പു സുൽത്താന്റെ മരണത്തോടെ തെക്കേ ഇന്ത്യയിൽ ആധിപത്യം ലഭിച്ച ബ്രിട്ടീഷുകാർ കേരള വർമ്മ പഴശ്ശിരാജയുമായുള്ള സന്ധി അവസാനിപ്പിക്കുകയും നാട്ടുകാരിൽ നിന്ന് ബലാൽക്കാരമായി നികുതി പിരിക്കുവാനും തുടങ്ങി. ഇത് അനുവദിച്ച് കൊടുക്കുവാൻ പഴശ്ശി തയ്യാറായില്ല. ഇന്ത്യയിൽ മറ്റെങ്ങും നേരിടാത്തത്ര കരുത്തുള്ള ഒളിപ്പോരാളികളെയാണ് വൈദേശിക ശക്തികൾക്ക് പഴശ്ശിരാജയുടെ നേതൃത്വത്തിൽ നേരിടേണ്ടി വന്നത്.
തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികൾ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ദുര്യോഗത്തിന് പഴശ്ശി സാക്ഷിയായി. അവസാനം ഒറ്റുകാരാൽ ചതിക്കപ്പെട്ട് സ്വന്തം ജീവൻ വെടിഞ്ഞ ധീരരക്തസാക്ഷിയാണ് വീര കേരള സിംഹം എന്നറിയപ്പെട്ട കേരള വർമ്മ പഴശ്ശിരാജ.
സാമ്രാജ്യത്തിനെതിരെ അദ്ദേഹം ചെറിയ സൈന്യത്തെ കൊണ്ട് അതിശക്തരായ ബ്രിട്ടീഷുകാർ ക്കെതിരെ ദീർഘകാലം പടനയിച്ചു. അതിശക്തരെന്ന് കരുതിയപ്പോഴും പഴശ്ശിയുമായി ഒളിഞ്ഞും തെളിഞ്ഞും സന്ധിയിൽ ഏർപ്പെടാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും മലബാറിൽ
സ്വാതന്ത്ര്യ സമരത്തിന്റെ വിത്ത് പാകുന്നതിൽ പഴശ്ശിയുടെ യുദ്ധങ്ങൾ പ്രചോദനമായി. 1812 ലെ കുറിച്യർ കലാപം, 1921 ലെ മലബാർ കലാപം, 1930 ലെ ഉപ്പ് സത്യഗ്രഹം തുടങ്ങിയ നിരവധി സമരങ്ങൾക്ക് ബീജാവാപം ആയത് പഴശ്ശിയുടെ ധീരരക്തസാക്ഷിത്വമാണ്. ജന്മനാ നേതാവായിരിക്കുന്ന ഒരാൾക്ക് തന്റെ അനുയായികളെ ജ്വലിപ്പിച്ച് രക്തനക്ഷത്രങ്ങളാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് പഴശ്ശിയുടെ ജീവിതം. 216 വർഷം പിന്നിടുന്ന ആ രക്തസാക്ഷിത്വം ഇന്നും നമ്മെയെല്ലാം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഒ.ആർ കേളു എംഎൽഎ അധ്യക്ഷത വഹിച്ചു.
മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി. കെ. രത്‌നവല്ലി, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോയ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ പി.വി.എസ് മൂസ, പഴശ്ശി കോവിലകം ട്രസ്റ്റി രവിവർമ്മ രാജ , നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ വി പിൻ വേണുഗോപാൽ, പി.വി. ജോർജ്ജ്, സിന്ധു സെബാസ്റ്റ്യൻ, ജേക്കബ് സെബാസ്റ്റ്യൻ, അബ്ദുൾ ആസിഫ്, പുരാവസ്തു വകുപ്പ് കൺസർവേഷൻ ഓഫീസർ എസ്. ജയ്കുമാർ, പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റൻ്റ് കെ.കൃഷ്ണരാജ്, പുരാവസ്തു വകുപ്പ് ആർട്ടിസ്റ്റ് കെ.എസ്. ജീവാ മോൾ തുടങ്ങിയവർ പങ്കെടുത്തു.
ചരിത്രസെമിനാറില്‍ വാമൊഴി ചരിത്രവും പഴശ്ശി നാട്ടോര്‍മ്മകളും എന്ന വിഷയത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ. പി.പി. അബ്ദുള്‍ റസാക്കും പഴശ്ശി: ഓര്‍മ്മ ചരിത്രം പ്രയോഗം എന്ന വിഷയത്തില്‍ മലയാളം സര്‍വ്വകലാശാല സംസ്‌ക്കാര പൈതൃക പഠന വിഭാഗം തലവന്‍ ഡോ. കെ.എം ഭരതനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഒ.കെ ജോണി മോഡറേറ്റർ ആയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *