യഹ്യാഖാൻ തലക്കലിനെ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി മുസ്ലീം ലീഗ്.

കല്‍പ്പറ്റ: കേരള മുസ്‌ലിംകളുടെ ആധികാരിക മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷനും, കേരളത്തിലെ പൊതുസമൂഹം ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആദരണീയനായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് വധ ഭീഷണയുണ്ടെന്ന വാര്‍ത്തയുടെ ചുവടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ജില്ലാ ലീഗ് സെക്രട്ടറി യഹ്‌യാഖാന്‍ തലക്കലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് വയനാട് ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗം വിലയിരുത്തി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് യഹ്‌യാഖാന്‍ തലക്കലിനെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും, വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. ഇത് സംബന്ധമായി എല്ലാവിധ ചര്‍ച്ചകളും ഒഴിവാക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടായ സാഹചര്യം പാര്‍ട്ടി ഗൗരവായി കാണുന്നുവെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് യോഗം വിലയിരുത്തുകയും, അന്വഷണത്തിലൂടെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, പി ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, കെ നൂറുദ്ദീന്‍ സംസാരിച്ചു.



Leave a Reply