March 29, 2024

പുതിയ ഡാമുകളല്ല ബദൽ ജല പുനരുജ്ജീവനമാണ് വേണ്ടത്;വയനാട് പ്രകൃതി സംരംക്ഷണ സമിതി

0
Img 20211231 192351.jpg
ബത്തേരി:വൃക്ഷ കവചങ്ങളുടെ ഉന്മൂലനം, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം, ചതുപ്പുകളുടെയും നെൽവയലുകളുടെയും നാശം, ലക്കും ലഗാനുമില്ലാത്ത ഖനനം, കുന്നിടിക്കൽ തുടങ്ങിയവ കൂടാതെ വരൾച്ച, പ്രളയം, കാലാവസ്ഥാ മാറ്റം തുടങ്ങിയ കാരണങ്ങളാലും മണ്ണ് വന്ധ്യമാവുകയും മരുവൽക്കരണം ത്വരിതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടിൽ പുതിയ ജലപദ്ധതികളല്ല കാർഷിക സമൃദ്ധി നിലനിർത്താനുതകുന്ന പുതിയ ബദൽ ജലവിഭവ പുനരുജ്ജീവനമാണ് വേണ്ടതെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി വ്യക്തമാക്കുന്നു. ജല വിഭവ വകുപ്പ് ഇനി പദ്ധതികൾ തയ്യാറാക്കേണ്ടത് ഇതിനു വേണ്ടിയാവണം.
       തൊണ്ടാർ – ചൂണ്ടാലിപ്പുഴ പദ്ധതികൾ നടപ്പിലാക്കുമെന്ന ജല വിടവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ജനവിരുദ്ധമാണ്. എന്തുവിലകൊടുത്തും തങ്ങളുടെ മണ്ണും വെളളവും സംരക്ഷിക്കുമെന്ന് ഈ പ്രദേശത്തെ ജനങ്ങൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുത മന്ത്രി മനസ്സിലാക്കണം.
             കൃഷി വികസനത്തിന് വേണ്ടി അനേകായിരം കോടികൾ മുടക്കിയ ജലപദ്ധതികൾ ടൂറിസം വികസനത്തിലേക്ക് പരിമിതപ്പെടുത്തേണ്ട ദയനീയ അവസ്ഥയിൽ നിന്നും സർക്കാറും സർക്കാർ വിലാസം വിദഗ്ദരും പാഠമൊന്നും പഠിക്കാത്തത് അത്ഭുതകരമാണ്.
           കാവേരി ജലത്തിൽ കേരളത്തിനുള്ള വിഹിതം ഉപയാഗിക്കുന്നതിനായി വയനാട്ടിൽ പണിതീർത്ത രണ്ടു കൂറ്റൻ ജല പദ്ധതികളും അനേകകോടികൾ ധൂർത്തടിക്കാനും വയനാട്ടിന്റെ സാമൂഹ്യ പരിസ്ഥിതി സുസ്ഥിരത തകർക്കുന്നതിനുമല്ലാതെ മറ്റൊന്നിനും ഉതകിയിട്ടില്ല. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കർഷകവഞ്ചനയുടെയും നിത്യസ്മാരകങ്ങളാണവ .
        അര നൂറ്റാണ്ട് മുൻപ് അഞ്ചു കോടി രൂപ അടങ്കലിൽ തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി അയ്യായിരത്തിൽപരം ഏക്കർ നെൽവയൽ വെളളത്തിൽ മുക്കിക്കളയുകയും ആദിവാസികൾ അടക്കം രണ്ടായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ഇതിനകം അയ്യായിരം കോടി രൂപ ചിലവഴിക്കകയും ചെയ്തിട്ടും ഒരു തുള്ളി വെള്ളം കൃഷിയാവശ്യത്തിന് നൽകാതെ ഇപ്പോൾ ടൂറിസം നടത്തിക്കൊണ്ടിരിക്കുകയാണ്. പദ്ധതി തുടങ്ങി അരനൂറ്റാണ്ട് കഴിഞ്ഞ് 129 കിലോമീറ്റർ കനാലിൽ 25 കിലോമീറ്റർ പൂർത്തിയായെന്നും 22 കിലോമീറ്റർ ഉടൻ പൂർത്തിയാകുമെന്നും പറയുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ അശ്ലീലമാണ്. ഒരു തുള്ളി ജലവും ഉപയോഗിക്കാത്ത ജലസംഭരണി വിപുലമാക്കുന്നതിനും കനാൽ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറയുന്നത് ജനങ്ങളെ ഇളിഭ്യരാക്കുകയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ച ജനം ഇത്രമേൽ കടുത്ത ശിക്ഷയും അവഹേളനവും അർഹിക്കുന്നുണ്ടോ എന്ന് മന്ത്രിമാരും എം.എൽ.എ.മാരു ദയവായി ചിന്തിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി അപേക്ഷിക്കുന്നു.
        ബാണാസുര സാഗർ അണകെട്ട് ഇന്നൊരു ജല ബോംബാണ്. മുപ്പതു ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നൽകാമെന്ന് ഉറപ്പു നൽകിയാണ് സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്നും അനുമതിയും വേൾഡ് ബാങ്കിൽ നിന്ന് വായ്പയും കെ.എസ്.ഇ.ബി. തരപ്പെടുത്തിയത്. പടിഞ്ഞാറത്തറ , വെള്ളമുണ്ട, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കക്കണക്കിന് കർഷകടുംബങ്ങളുടെ പേടിസ്വപ്നമാണീ ഡാമിന്ന് .
             വയനാടിന്റെ ജല ദൌർലഭ്യത പരിഹരിക്കാൻ വേണ്ടത്ര വെള്ളം കാരാപ്പുഴയിലും ബാണാസുര സാഗറിലും ഉണ്ടെന്നിരിക്കെ കർഷകരെയും ആദിവാസികളെയും കുടിയിറക്കിയും ഗ്രാമങ്ങൾ വെള്ളത്തിൽ മുക്കിയും ഊഹാതീത സാമൂഹ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ചൂണ്ടാലിപ്പുഴ – തൊണ്ടാർ പദ്ധതികൾക്കായി ഭരണകൂടം ശ്രമിക്കുന്നത് മറ്റു ലക്ഷ്യങ്ങൾ ഉളളതുകൊണ്ടാണ്. വരൾച്ചയും മരുവൽക്കരണവും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മുള്ളൻ കൊല്ലി പുൽപ്പള്ളി പഞ്ചായത്തിലെ കുടി വെള്ളത്തിനും കൃഷി വെള്ളത്തിനും ബാണാസുര സാഗറിലെയും കാരാപ്പുഴയിലെയും ഉപയോഗിക്കാത്ത വെള്ളം പൈപ്പുലൈനുകൾ വഴി സ്വാഭാവിക ഒഴുക്കിലൂടെ ഒരു വർഷം കൊണ്ട് എത്തിക്കാവുന്നതാണ്. ഒരു രാഷ്ട്രീയ – മതസംഘടനയും ഇത്തരമൊരു ആവശ്യം ഉന്നയിക്കാത്തതിന്റെ ഗൂഢ താത്പര്യം ജനങ്ങൾ തിരിച്ചറിയണം.
           അതീവദുർബലമായ പരിസ്ഥിതി സംതുലനം നിലനിൽക്കുന്ന പ്രദേശമാണ് വയനാട്. വിവിധ കാരണമാൽ കർഷകരും കാർഷിക മേഘലയും പ്രതിസന്ധിയിലാണ്. ആദിമ ഗോത്രസമൂഹങ്ങൾ അനുദിനം നാശത്ത നേരിടുന്നു. ഇവരുടെയൊക്കെ ഏക ആശ്രയവും വയനാടൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമായ കാർഷിക മേഖലയുടെ ജലപുനരുജ്ജീവനം അത്യാവശ്യമാണ്. 
       വയനാട്ടിലെ ഉപരിതല ജല വിഭവം വിവിധ കാരണങ്ങളാൽ നശിച്ചു കഴിഞ്ഞു. മണ്ണിനടിയിലെ ജലപാളികൾ രാസകൃഷി, വരൾച്ച, പ്രളയം തുടങ്ങിയവ മൂലം അഞ്ചു ശതമാനമേ ശേഷിക്കുന്നുള്ളൂ. കേരളത്തിന്റെ ജലവിഭവമന്ത്രി സുസ്ഥിര ജല പുനരുജ്ജീവന യജ്ഞത്തിന് നേതൃത്വം നൽകണമെന്നാണ് വയനാട്ടുകാർ ആഗ്രഹിക്കുന്നത്.
        സമിതി യോഗത്തിൽ എൻ. ബാദുഷ അദ്ധ്യക്ഷൻ. ബാബു മൈലമ്പാടി, പി.എം. സുരരഷ് , തോമസ്സ് അമ്പലവയൽ , സണ്ണി മരക്കടവ് , സി.എ. ഗോപാലകൃഷ്ണൻ ,എം.ഗംഗാധരൻ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *