April 30, 2024

സര്‍ക്കാരിന്റെ പിടിപ്പുകേട് മറയ്ക്കാന്‍ രാഹുല്‍ഗാന്ധിയെ കുറ്റം പറയുന്നത് രാഷ്ട്രീയപാപ്പരത്തം: യു ഡി എഫ്

0
Img 20220203 191607.jpg
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളും, വയനാടിനോടുള്ള കടുത്ത അവഗണനയും മറച്ചുപിടിക്കാന്‍ രാഹുല്‍ഗാന്ധി എം പിയെ കുറ്റം പറയുന്ന സി പി എം നിലപാട് രാഷ്ട്രീയപാപ്പരത്തമാണെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. കേന്ദ്രബജറ്റ് നിരാശാജനകമാണ്. എന്നാല്‍ അതിന് രാഹുല്‍ഗാന്ധിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മുഴുവന്‍ എം പിമാരെയും വിളിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതനുസരിച്ച് പാര്‍ലമെന്റില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് നേടിയെടുക്കുമായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായില്ല. നടക്കാത്ത ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കെ റെയിലും തുരങ്കപാതയടക്കമുള്ള പദ്ധതികള്‍ ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനമുരടിപ്പും വയനാടിനോടുള്ള അവഗണനയും മറച്ചുപിടിക്കാന്‍ രാഹുല്‍ഗാന്ധി എം പിയെ കുറ്റം പറഞ്ഞ് തടിയൂരാനുള്ള സി പി എം ശ്രമം വിലപ്പോവില്ല. വയനാട്ടിലെ ജനങ്ങളുടെ കാര്യത്തില്‍ രാഹുല്‍ഗാന്ധി എം പി എന്താണ് ചെയ്യുന്നതെന്ന് ഇവിടുത്തെയാളുകള്‍ക്ക് അറിയാം. വയനാടിന്റെ വികസനത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതികളടക്കം ഉപയോഗപ്പെടുത്തുന്നതില്‍ രാഹുല്‍ഗാന്ധി അതീവശ്രദ്ധയാണ് പുലര്‍ത്തുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം നിലയില്‍ മണ്ഡലത്തില്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നും ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരിക്കുകയാണ്. കോവിഡും, ഒമിക്രോണുമടക്കം വ്യാപകമായിട്ടും അതിന് തടയിടാന്‍ ഉതകുന്ന എന്തെങ്കിലുമൊന്ന് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോ ആരോഗ്യമന്ത്രിക്കോ സാധിക്കുന്നില്ല. പല മന്ത്രിമാര്‍ക്കും ഭരണത്തില്‍ യാതൊരു നിപുണതയുമില്ലാത്തതിനാല്‍ കേരളത്തെ കാല്‍ നൂറ്റാണ്ട് പിന്നോട്ടുകൊണ്ടുപോകുന്ന അവസ്ഥയിലാണുള്ളത്. വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ സാധാരണക്കാരുടേയും, കര്‍ഷകരുമടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇരുവരും കുറ്റപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *