റോഡ് പണിയുടെ മെല്ലെപ്പോക്ക് പ്രതിഷേധിച്ച് മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ്
മാനന്തവാടി : കൊയിലേരി കൈതക്കൽ റോഡ് വികസനത്തിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. മാനന്തവാടി ടൗൺ മുതൽ ആറാട്ടുതറ വരെയുള്ള കച്ചവടക്കാരും പരിസരവാസികളും ബുദ്ധിമുട്ടനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വ്യാപാരസ്ഥാപനങ്ങളുടെ മുൻപിലെ ഓവുചാൽ നിർമ്മാണം പോലും അടിയന്തിര പ്രാധാന്യത്തിൽ ചെയ്യാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിംങ്ങും കച്ചവടവും നഷ്ട്ടപെട്ട അവസ്ഥയിലാണ്. പലകച്ചവടക്കാരും കടകൾ തുറക്കാൻ കഴിയാത്തതിനാൽ നിത്യവൃത്തിക്കായ് കൂലിപണിയ്ക്ക് പോകാൻ നിർബന്ധിതരായി. വയനാടിന്റെ മഹോത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തിനു മുൻപായെങ്കിലും റോഡ് പണി പൂർത്തികരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി മർച്ചൻസ് യൂത്ത് വിംഗ് മുൻപോട്ടു പോകുമെന്നും. വ്യാപാരികളുടെയും പരിസരവാസികളുടെയും ഒപ്പ് ശേഖരണം നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. യൂത്ത് വിങ് യൂണിറ്റ് പ്രസിഡൻറ് ദീപ്തീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ വി അനിൽകുമാർ ജില്ലാ വൈസ് പ്രസിഡൻറ് സുധീപ് ജോസ് യൂണിറ്റ് ഭാരവാഹികളായ റോബി ചക്കോ,ഷിബു,അൻവർ കെ സി,രോഹിത് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply