April 25, 2024

മൂന്ന് വില്ലേജ് ഓഫീസുകള്‍ കൂടി ഇനി സ്മാര്‍ട്ട്: റവന്യ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

0
Img 20220615 Wa00122.jpg
മാനന്തവാടി :  സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റവന്യൂ ഓഫീസ് കെട്ടിടങ്ങള്‍ ഇന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. പനമരം, എടവക, പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് പുറമെ മാനന്തവാടി റവന്യു ഡിവിഷന്‍ ഓഫീസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ & റെക്കോര്‍ഡ് റൂം, താലൂക്ക് ഓഫീസ് അനക്‌സ് കെട്ടിടങ്ങള്‍, നവീകരണം പൂര്‍ത്തിയായ മാനന്തവാടി ലാന്റ് ട്രൈബൂണല്‍ ഓഫീസ്, മാനന്തവാടി താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. 
പനമരം, എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒഴികെയുളളവയുടെ ഉദ്ഘാടനം ബുധനാഴ്ച്ച വൈകീട്ട് 3 ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലാണ് നടക്കുക. പനമരം, എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം യഥാക്രമം വൈകീട്ട് 4 നും 5 നും അതത് സ്ഥങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷമി, എ.ഡി.എം എന്‍.ഐ ഷാജു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
 
*സ്മാര്‍ട്ടായി റവന്യൂ ഓഫീസുകള്‍
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് പനമരം, എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിച്ചത്. പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചു. പൊതുജന സൗഹൃദ അന്തരീക്ഷത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ സ്മാര്‍ട്ട് വില്ലേജുകള്‍ക്ക് 44 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. വിശാലമായ വെയ്റ്റിംഗ് റൂം, വരാന്ത, ഫ്രണ്ട് ഓഫീസ്, ടോയ്‌ലറ്റുകള്‍, വില്ലേജ് ഓഫീസര്‍ റൂം, വര്‍ക്ക് സ്റ്റേഷനോടു കൂടിയ ഓഫീസ് റൂം, റെക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് റൂം, ഡൈനിംഗ് റൂം, റെക്കോര്‍ഡ് റൂമുകളില്‍ സ്റ്റോറേജ് അലമാരകള്‍, ഫര്‍ണിച്ചറുകള്‍, ചെയറുകള്‍, യു.പി.എസ്. അടക്കമുള്ള വയറിംഗ് പ്രവൃത്തികള്‍, ഇ- ഓഫീസിനായുള്ള നെറ്റ് വര്‍ക്ക് സംവിധാനം, കുടിവെളളത്തിനുള്ള സൗകര്യങ്ങള്‍, കല്ല് പതിച്ചും പുല്‍ത്തകിടി പിടിപ്പിച്ചതുമായ വിശാലമായ മുറ്റം, റാമ്പ്, ചുറ്റുമതില്‍, ഗേറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഓരോ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളും നിര്‍മ്മിച്ചിട്ടുളളത്. 
മാനന്തവാടി സബ്കളക്ടര്‍ ഓഫീസിനോട് ചേര്‍ന്ന് ഇരു നിലകളിലായി പണിത പുതിയ കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, പ്രോപ്പര്‍ട്ടി റൂം, റെക്കോര്‍ഡ് റൂം, കണ്‍സീലിയേഷന്‍ റൂം, ടോയ്‌ലറ്റുകള്‍, മുറ്റം ഇന്റര്‍ ലോക് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ ആര്‍.ഡി ഓഫീസില്‍ ഓവര്‍ ഹെഡ് സ്റ്റോറേജ് യൂണിറ്റ്‌സ്, ഇലക്ട്രിക്കല്‍ റീ വയറിംഗ്, പെയിന്റിംഗ്, സീലിംഗ് , ഫര്‍ണിച്ചുകള്‍, പാര്‍ട്ടീഷന്‍ വര്‍ക്കുകള്‍, നെയിം ബോര്‍ഡ്, സൈനേജ് തുടങ്ങിയ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കി. താലൂക്ക് ഓഫീസിനായി രണ്ട്് നിലകളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ഹാള്‍, ടോയ്ലറ്റ് സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം താലൂക്ക് ഓഫീസിന്റെ പഴയ കെട്ടിടത്തിന്റെ റൂഫ് പുതുക്കി പണിയുകയും ഇലക്ട്രിക്കല്‍ റി- വയറിംഗ്, സീലിംഗ് പെയിന്റിംഗ് തുടങ്ങിയവ നവീകരണപ്രവൃത്തികളും നടത്തി. ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ പുതിയ അഡീഷണല്‍ ഹാള്‍ നിര്‍മ്മിച്ചതോടൊപ്പം നിലവിലുള്ള കെട്ടിടത്തിന്റെ ടൈല്‍സ് പതിക്കലും, പെയിന്റിംഗ്, പാര്‍ട്ടീഷന്‍, ഇലക്ട്രിക്കല്‍ റീ – വയറിംഗ് തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തിയായി. കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം നവീകരിച്ച് പുതുതായി വിശാലമായ വെയിറ്റിംഗ് റൂം, ഫ്‌ലോര്‍ ടൈലിംഗ് , സീലിംഗ് പ്രവൃത്തികള്‍ , ഇലക്ട്രിക്കല്‍ റീ വയറിംഗ് , ഫര്‍ണിച്ചറുകള്‍, മുറ്റം ഇന്റര്‍ ലോക്ക്, ചുറ്റുമതില്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് സമയബന്ധിതമായി കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *