വിധവയുടെ വീട്ടിൽ നിന്നും മകളുടെ വിവാഹത്തിനായി കരുതിയ സ്വർണ്ണം കവർന്നു

കൽപ്പറ്റ : മുട്ടിൽ മാണ്ടാട് മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വർണ്ണം കവർച്ച ചെയ്യപ്പെട്ടു. 10 പവനോളം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു. മാണ്ടാട് സ്വദേശിനി വലിയ പീടിയേക്കൽ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. ഈ മാസം 25 ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പു മുറിയിൽ സൂക്ഷിച്ചുവെച്ച സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.
ഇന്നലെ രാത്രി ഒന്നരയോടെ വീടിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. ജനവാസ കേന്ദ്രമായതിനാൽ വീട്ടുകാരുടെ ഒച്ച കേട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. തുടർന്ന് കൽപ്പറ്റ പോലീസ് സ്റ്റേഷൻ വിവരമറിക്കുകയായിരുന്നു. പ്രദേശം മുഴുവൻ പോലീസും പ്രദേശവാസികളും ചേർന്ന് രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഈ മാസം 25 നാണ് പാത്തുമ്മയുടെ മകൾ സാജിതയുടെ നിക്കാഹ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇവർക്കുണ്ടായിരുന്ന പത്ത് സെൻറ് ഭൂമി വിൽപ്പന നടത്തിയാണ് വിവാഹത്തിന് പത്തു പവനോളം സ്വർണം വാങ്ങിയത്. സംഭവ സമയത്ത് പാത്തുമ്മയും മകൾ സാജിതയും, മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൺകട്ട കൊണ്ട് കെട്ടിയ വീട്ടിലെ അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഡോഗ്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ വീടുകളുടെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കൽപ്പറ്റ പോലീസ് അറിയിച്ചു.



Leave a Reply