നഷ്ടങ്ങളുടെ കഥകൾ പറഞ്ഞ് ഏലം കർഷകർ

വൈത്തിരി : പ്രതീക്ഷിച്ച വില കിട്ടാതെ ഏലം കർഷകരും നട്ടം തിരിയുകയാണ്.ആനയും കുരങ്ങും പന്നിയുമടക്കമുള്ള വന്യ മൃഗശല്യം രൂക്ഷമായതോടെ പല കർഷകരും കൃഷി പാതി വഴിയിൽ ഉപേക്ഷിക്കുകയാണ്.ബാങ്കിൽ നിന്നും മറ്റു സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി ജീവിത ചെലവിന് വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിൽ കൃഷി തുടങ്ങിയവർക്ക് നഷ്ടങ്ങളുടെ കണക്കുകളാണ് നിരത്താനുള്ളത്. രണ്ടരവര്‍ഷംമുമ്പ് കിലോയ്ക്ക് 7000 രൂപവരെയെത്തിയ ഏലക്കായ്ക്ക് ഇപ്പോള്‍ കിട്ടുന്നത് വെറും 700 രൂപയിൽ താഴെ. ഉത്പാദനച്ചെലവുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഏലക്കര്‍ഷകര്‍ നേരിടുന്നത്. കുരുമുളകും അടയ്ക്കയും ഉള്‍പ്പെടെ കൃഷിനാശം നേരിട്ടപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ ഏലക്കൃഷിയിലേക്ക് തിരിഞ്ഞത്. മുന്‍കാലങ്ങളിലെല്ലാം വിലസ്ഥിരതയുണ്ടായിരുന്നതിനാല്‍ കൃഷി കുഴപ്പമില്ലാതെ മുന്നോട്ടുപോയി. എന്നാല്‍, പ്രളയത്തിനുശേഷം പ്രശ്നങ്ങള്‍ ഓരോന്നായി അലട്ടുകയാണ്. കാലാവസ്ഥാവ്യതിയാനവും വിലയിടിവും മാറിമാറിവരുന്നതാണ് ഏലക്കര്‍ഷകരെ കടുത്തപ്രതിസന്ധിയിലാക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ അധികമഴ ചെടികള്‍ ചീഞ്ഞുപോകാൻ കാരണമായി.
ഇത്തവണ അതില്‍നിന്നെല്ലാം മോചനം നേടിയെങ്കിലും പൊടുന്നനെയുള്ള വിലയിടിവ് അപ്രതീക്ഷിത തിരിച്ചടിയായി. ഒന്നാംതരം കായ്ക്ക് 900 രൂപയിൽ താഴെ ആണ് ഇപ്പോള്‍ കിട്ടുന്നത്. ഗ്രേഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ജില്ലയില്‍ വിളയുന്നവയ്ക്ക് പരമാവധി 700 രൂപയാണ് കിട്ടുന്നത്. സ്വന്തമായി പണിയെടുക്കുന്നവര്‍ക്കുപോലും ഈ വിലകൊണ്ട് പിടിച്ചുനില്‍ക്കാനാകില്ലെന്ന് കര്‍ഷകർ പറയുന്നു.കൃഷിയിറക്കുന്ന ഏലക്കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് വന്യ മൃഗശല്യം. കുരങ്ങുകളാണ് ഏലക്കൃഷി നശിപ്പിക്കുന്നതില്‍ പ്രധാനികള്‍. കൂട്ടമായെത്തുന്ന ഇവ പുതിയ ചെടികളെയാണ് ഉന്നംവെക്കുന്നത്.
ഇളംതണ്ട് ഒടിച്ച് അതിനുള്ളിലെ കൂമ്പ് തിന്നുകയാണ് കുരങ്ങന്മാര്‍.



Leave a Reply