April 19, 2024

എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കി:പനമരത്ത് എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

0
Img 20220914 Wa00572.jpg

 പനമരം : പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് പനമരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു.  
  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, പനമരം ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് നടക്കുന്നത്. 
പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, പനമരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റ്യന്‍, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. നജ്മുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആദ്യ ഡിജിറ്റല്‍ രേഖ സ്വന്തമാക്കി സിന്ധുവും ചുണ്ടയും
 പനമരം എ.ബി.സി.ഡി ക്യാമ്പിലൂടെ ആദ്യ ഡിജിറ്റല്‍ രേഖ സ്വന്തമാക്കിയത് പനമരം എടത്തുംകുന്ന് കോളനിയിലെ വി.ബി സിന്ധുവും കെ. ചുണ്ടയുമാണ്. ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ ഡിജിറ്റല്‍ കാര്‍ഡാണ് ഇരുവര്‍ക്കും ലഭ്യമാക്കിയത്. സിന്ധുവും ചുണ്ടയും പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യയില്‍ നിന്നും ഡിജിറ്റല്‍ കാര്‍ഡ് ഏറ്റുവാങ്ങി. ബാങ്കുകളിലെ സങ്കീര്‍ണ്ണ നടപടിക്രമങ്ങളാണ് പൊതുമേഖല സ്ഥാപനമായ പോസ്റ്റല്‍ വകുപ്പിന്റെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞു. എസ്.ടി പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സിന്ധുവും ചുണ്ടയും ക്യാമ്പിലെത്തിയത്.
അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കി ഐ.ടി വകുപ്പ്.
 എ.ബി.സി.ഡി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കി ഐ.ടി വകുപ്പ്. വിവിധ കാരണങ്ങളാല്‍ എ.ബി.സി.ഡി ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഗോത്ര സൗഹൃദ കൗണ്ടറുകളിലൂടെ സേവനം ലഭ്യമാക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. പട്ടിക വര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്നതിനാണ് എ.ബി.സി.ഡി ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *