നിയുക്ത സഹായ മെത്രാൻ സ്ഥാനീക ചിഹ്നങ്ങൾ സ്വീകരിച്ചു

മാനന്തവാടി: രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍.അലക്‌സ് താരാമംഗലം സ്ഥാനിക ചിഹ്‌നങ്ങള്‍ സ്വീകരിച്ചു. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിയുക്ത മെത്രാനെ മോതിരം അണിയിച്ചു. തലശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റം സ്ഥാനിക ചിഹ്നമായ കുരിശുമാലയും തലശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി അരക്കെട്ടും അണിയിച്ചു.
തലശേരി അതിരൂപതാംഗമാണ് മോണ്‍.അലക്‌സ് താരാമംഗലം. ജര്‍മനിയില്‍നിന്നു ഇന്നാണ് തിരികെയെത്തിയത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ രൂപത പ്രതിനിധികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് മാനന്തവാടി രൂപത പാസ്റ്ററല്‍ സെന്ററില്‍ വൈദികരും തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിയും മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റവും ചേര്‍ന്നു സ്വീകരണം നല്‍കി.
മോണ്‍.അലക്‌സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിനാണ്. മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. മെത്രാഭിഷേകത്തിനു ഒരുക്കം രൂപതയില്‍ ആരംഭിച്ചു. ചടങ്ങുകള്‍ ക്രമീകരിക്കുന്നതിനു രൂപത വികാരി ജനറാള്‍ ഫാ.പോള്‍ മുണ്ടോളിക്കലിന്റെയും സിഞ്ചല്ലൂസ് ഫാ.തോമസ് മണക്കുന്നേലിന്റേയും നേതൃത്വത്തില്‍ 101 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിനു രാവിലെ 9.30ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും.



Leave a Reply