June 10, 2023

വികസനം കാത്ത് കുറിച്യർമലയും മേൽമുറി പ്രദേശവും

0
IMG-20220922-WA00152.jpg
പൊഴുതന: പ്രളയത്തിൽ പാടേ തകർന്ന പ്രദേശം പ്രതാപ കാലം തിരിച്ചു പിടിക്കാൻ വിനോദ സഞ്ചാരപഥം തേടുന്നു. 2018ലെ പ്രളയത്തിൽ വൻ ഉരുൾപൊട്ടൽ നടന്ന പ്രദേശമാണ് മേൽമുറി മലയോര ഗ്രാമം. കുറിച്യർ‍മലയിൽ നിന്നു പൊട്ടിയൊഴുകിയ മണ്ണിനോടൊപ്പം കിടപ്പാടം അടക്കമുള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയും പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്നതിനാൽ ശേഷിക്കുന്നവ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം ആളുകളും. വിലമതിക്കുന്ന മികച്ച സൗകര്യങ്ങൾ ഉള്ള വീടുകളും കൃഷിയിടവും അടക്കം എല്ലാം ഉപേക്ഷിച്ച് സർക്കാർ നൽകിയ നാമമാത്രമായ തുകയും കൈപ്പറ്റിയാണ് ഇവിടത്തുകാർ മറ്റിടങ്ങളിലേക്കു ചേക്കേറിയത്.
ഇത്തരക്കാർക്ക് മികച്ച വരുമാനവും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഇടയാക്കുന്ന വിധത്തിൽ ഇവിടെ ടൂറിസം കേന്ദ്രം ആക്കാനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേൽമുറിയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചനകൾ നടന്നിരുന്നെങ്കിലും കോവിഡ് മഹാമാരിയിൽ തട്ടി അവ നിശ്ചലമായി. നിലവിൽ കോവിഡ് പ്രതിസന്ധികളെല്ലാം ഒഴിഞ്ഞു തുടങ്ങുകയും ടൂറിസം മേഖലയിൽ വൻ ഉണർവ് ഉണ്ടാവുകയും ചെയ്തതോടെ പ്രദേശത്തെ ടൂറിസം പദ്ധതി നടപടികൾ പുനരാരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
തേയില അടക്കം തോട്ടം മേഖലയും മലയോര പ്രദേശവും ആയ ഇവിടെ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഇടമാണ്. ഒരു ചെറിയ പാലത്തിന്റെ അകലം മാത്രം ഉണ്ടായിരുന്ന കുറിച്യർമല, മേൽമുറി പ്രദേശം ഉരുൾപൊട്ടലിനെ തുടർന്ന് 2 ഭാഗങ്ങളായി വേർതിരിഞ്ഞ് പോയ ഇടം ഇവിടെയുണ്ട്. ഈ പ്രദേശങ്ങൾ തമ്മിൽ തൂക്കു പാലം കൊണ്ട് ബന്ധിപ്പിച്ചാൽ ഇവിടെയുള്ള കാഴ്ച ടൂറിസ്റ്റുകൾക്ക് പുതിയ അനുഭവമായിരിക്കും. ഏതാണ്ട് മലയുടെ മുകൾ ഭാഗത്തായി സ്ഥാപിക്കുന്ന തൂക്കു പാലത്തിൽ കയറി നിന്നാൽ ഉരുൾ പൊട്ടി ഉണ്ടായ വൻ ഗർത്തവും അതു നീണ്ട് എത്തുന്ന മലയടിവാരത്ത് വരെയുള്ള കാഴ്ചയും കാണാം.
തേയിലച്ചെടികൾ നിറഞ്ഞു നിൽക്കുന്ന കുറിച്യർമല ഭാഗവും തോട്ടം മേഖലയായ മേൽമുറിയും ആയിരിക്കും പാലത്തിന്റെ ഇരുവശവും കാണുന്ന കാഴ്ച. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും വിലക്കിയ പ്രദേശമാണ് ഇത്. അതോടെ വിൽപന പോലും സാധ്യമാകാതെ വീടും സ്ഥലവും എല്ലാം അനാഥമാക്കിയാണ് ആളുകൾ ഇവിടം വിട്ടു പോയത്. ഇത്തരക്കാരുടെ ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ‍ വിനോദ സഞ്ചാരികൾക്ക് താമസം ഒരുക്കുന്നതിലൂടെ ഉടമകൾക്ക് മികച്ച വരുമാനം ലഭ്യമാകും. ലക്ഷങ്ങൾ മുടക്കി നിർമിച്ചവയടക്കം ഇത്തരത്തിൽ ഒട്ടേറെ വീടുകൾ പ്രദേശത്ത് ഒഴിഞ്ഞ നിലയിലുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ ടൂറിസം പദ്ധതിക്ക് അധികൃതർ തയാറായാൽ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഇവിടെ മാറ്റിയെടുക്കാൻ കഴിയും. പദ്ധതി നടപ്പിലായാൽ മേൽമുറി പ്രദേശത്തിനും എല്ലാം നഷ്ടപ്പെട്ടു വീടൊഴിഞ്ഞു പോകേണ്ടി വന്ന നാട്ടുകാർക്കും മികച്ച നേട്ടം സാധ്യമാകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *