March 3, 2024

വിവാഹരജിസ്ട്രേഷനില്‍ ചരിത്രം സൃഷ്ടിച്ച് വീണ്ടും തദ്ദേശ സ്വയം ഭരണ വകുപ്പ് വിവാഹമോചിതരായ ദമ്പതികളുടെ ആദ്യവിവാഹം 19 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തു

0
Gridart 20221130 0753586252.jpg

കൽപ്പറ്റ : വിവാഹമോചിതരായ ശേഷം ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ ചെയ്തുനല്‍കി ചരിത്രം സൃഷ്ടിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ്. വിവാഹമോചനം നടന്ന് 15 വര്‍ഷം പിന്നിട്ട ശേഷമാണ് 19 വര്‍ഷം മുൻപുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കിയത്. 2003ല്‍ വിവാഹിതരായ ദമ്പതികള്‍ 2007ല്‍ വിവാഹമോചിതരായിരുന്നു. സൈനികനായ പിതാവിന്‍റെ കുടുംബ പെൻഷൻ ലഭിക്കാൻ മകള്‍ക്ക് വിവാഹമോചന സര്‍ട്ടിഫിക്കറ്റിനൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ പ്രത്യേക നിര്‍ദേശത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാൻ തീരുമാനമായത്. നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, വിവാഹമോചനത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തുനല്‍കുന്നതിനെക്കുറിച്ച് പരിമര്‍ശമില്ല. സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഭാഗമായാണ് അനുമതി പ്രത്യേക ഉത്തരവിലൂടെ ഉറപ്പാക്കിയത്. ഇന്ന് രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നല്‍കുകയും, വൈകിട്ടോടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷകയ്ക്ക് ഓൺലൈനില്‍ ലഭ്യമാക്കുകയും ചെയ്തു. ജനപക്ഷത്ത് നിന്നുള്ള സര്‍ക്കാര്‍ ഇടപെടലിന്‍റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിവാഹമോചിതയായ അപേക്ഷകയ്‍‍ക്ക് തുടര്‍ജീവിതത്തിന് പിതാവിന്‍റെ കുടുംബപെൻഷൻ സഹായകരമാണ്. ഇത് പരിഗണിച്ചാണ് അനുകൂല നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വണ്ടാനം എസ്എൻഡിപി കമ്യൂണിറ്റി ഹാളില്‍വെച്ച് 2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികള്‍ ഏറ്റുമാനൂര്‍ കുടുംബകോടതി വിധി പ്രകാരം 2007 സെപ്റ്റംബര്‍ 14ന് വിവാഹമോചിതരായി. വിവാഹം 2003ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സൈനികനായിരുന്ന പിതാവിന്‍റെ കുടുംബപെൻഷന്‍ ലഭിക്കുന്നതിനായി മകള്‍ ആര്‍മി റെക്കോര്‍ഡ്സില്‍ വിവാഹമോചനം നടന്നതിന്‍റെ രേഖ ഹാജരാക്കിയപ്പോള്‍, വിവാഹം നടന്നതിന്‍റെ രേഖയും ആവശ്യപ്പെടുകയായിരുന്നു. 2008ലെ ചട്ടങ്ങള്‍ പ്രകാരം വിവാഹത്തിലേര്‍പ്പെടുന്ന ഇരുകക്ഷികളും രജിസ്ട്രേഷനുള്ള അപേക്ഷയില്‍ ഒപ്പിടേണ്ടതുണ്ട്. വിവാഹമോചനം നടന്നതിന് ശേഷമായിരുന്നതിനാല്‍, മുൻഭര്‍ത്താവ് നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് രജിസ്ട്രാര്‍ രജിസ്ട്രേഷനുള്ള അപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അപേക്ഷകയുടെ സഹോദരൻ വിവാഹപൊതു മുഖ്യരജിസ്ട്രാര്‍ ജനറലായ തദ്ദേശ സ്വയം ഭരണ (റൂറല്‍) വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ദമ്പതികളില്‍ ഒരാള്‍ മരിച്ചെങ്കില്‍ ജിവിച്ചിരിക്കുന്ന വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാനാകും. വിവാഹമോചനം നേടിയവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കുന്നത് സംബന്ധിച്ച് നിയമങ്ങളോ ചട്ടങ്ങളോ കീഴവ  ഴക്കങ്ങളോ ഇല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടി തേടിയത്. 
വിവാഹം നടന്നുവെന്നും സാധുവാണെന്നും തെളിഞ്ഞതിന്‍റെയും അംഗീകരിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഈ വസ്തുത വിലയിരുത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാൻ, പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 2008ലെ ചട്ടങ്ങളിൽ ഇത്‌ സംബന്ധിച്ച്‌ വ്യവസ്ഥകൾ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത്‌ രജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ്‌ തീരുമാനം. നിലവിലുള്ള ഒരു നിയമത്തിലും വിവാഹമോചിതരായ ദമ്പതികള്‍ക്ക് അവരുടെ മുൻ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ മുൻവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു തടയുന്ന വ്യവസ്ഥകള്‍ നിലവിലില്ല. 
നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് തന്നെ ഇത്തരമൊരു രജിസ്ട്രേഷൻ അപൂര്‍വമായിരിക്കും. മുൻപ് പരേതരായ ദമ്പതികളുടെ വിവാഹം 53 വർഷത്തിന്‌ ശേഷം രജിസ്റ്റർ ചെയ്തുനല്‍കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രത്യേക അനുവാദം നല്‍കിയിരുന്നു. പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹമായിരുന്നു മാനസിക വൈകല്യമുള്ള ഏകമകന്‍റെ അപേക്ഷ പരിഗണിച്ച് അന്ന് അനുവദിച്ചത്. സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ മകൻ,അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റർ ചെയ്ത്‌ നൽകാൻ അപേക്ഷ നൽകിയത്‌. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക്‌ പുറത്ത്‌ താമസിക്കുന്ന ദമ്പതികൾക്ക്‌ നേരിൽ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഈ സൗകര്യം ഇപ്പോളും തുടരുന്നുണ്ട്‌. ആധുനിക ‌ വിവര സാങ്കേതിക വിദ്യയുടെ കാലത്ത്‌ നേരിൽ ഹാജരാകാതെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന്‌ ചട്ടഭേദഗതി നടത്താൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങൾ വിവാഹരജിസ്റ്ററിൽ ചേർക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയർന്നുവന്നിട്ടുണ്ട്. ഇത്‌ പരിഗണിച്ച്‌ വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന്‌ നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. 
കഴിഞ്ഞ മെയ് മാസത്തിലാണ് സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിന്‌ വേണ്ടി പാലക്കാട് ശേഖരിപുരം സ്വദേശിയായ മാനസികവൈകല്യമുള്ള മകൻ അപേക്ഷ നൽകിയത്‌. 1969ജൂൺ4ന്‌ കൊടുമ്പ്‌ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത്‌ വിവാഹ രജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.1998ൽ അമ്മയും 2015ൽ അച്ഛനും മരിച്ചു. സൈനിക റെക്കോർഡുകളിൽ പിതാവിന്‍റെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മകനുള്ള പെൻഷൻ മുടങ്ങുകയായിരുന്നു. ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശ്ശിക്കുന്നുണ്ടായിരുന്നില്ല. വിഷയത്തില്‍ പ്രത്യേക താത്പര്യമെടുത്താണ് അന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ മാസ്റ്റര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാൻ നിര്‍ദേശിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *