April 19, 2024

പന്നി കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരുക്കണം : ടി. സിദ്ധിഖ് എംഎല്‍എ

0
Img 20221207 172411.jpg
കല്‍പ്പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി മൂലം കൊന്നൊടുക്കിയതും, ചത്തതുമായ പന്നികള്‍ക്ക് കര്‍ഷകന്റെ നഷ്ടം കണക്കാക്കി നഷ്ടപരിഹാര തുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണമെന്ന് നിയമസഭയില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ.സിദ്ധിഖ് സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 
കേരളത്തിലെ നല്ലൊരു വിഭാഗം കര്‍ഷകരുടെയും ജീവനോപാധികളാണ് പശു, ആട്, കോഴി, പന്നി ഉള്‍പ്പെടെയുള്ളവയെ വളര്‍ത്തുന്നത്. ഈ കഴിഞ്ഞ ജൂലായില്‍ മാനന്തവാടി തവിഞ്ഞാലിലെ പന്നിഫാമില്‍ 360 ഓളം പന്നികള്‍ക്ക് പന്നിപ്പനി പിടിപെടുകയും അവയെ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കിയിട്ടുള്ളതുമാണ്. ഇപ്പോള്‍ വീണ്ടും മാനന്തവാടിയിലെ എടവക പഞ്ചായത്തിലെ 148 പന്നികള്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ഇങ്ങനെ നഷ്ടം വരുന്ന പന്നികള്‍ക്ക് നാമ മാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇപ്പോഴത്തെ നഷ്ടപരിഹാരത്തുക പന്നിക്കര്‍ഷകരെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ബാങ്കുകളില്‍ നിന്നും കുടുംബശ്രീകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങി ആരംഭിച്ച സംരംഭം തകര്‍ന്നു പോയതിനാല്‍ വായ്പ തിരിച്ചടക്കാന്‍ ആകാതെ വലിയ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. നാലുമാസത്തിനുള്ളില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
വയനാട്, ഇടുക്കി, പാലക്കാട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നുണ്ട.് ഇത് പടരാനുള്ള വിവിധ സാഹചര്യങ്ങളായ ഭക്ഷണങ്ങള്‍, ശ്രവങ്ങള്‍, വാഹനങ്ങള്‍, പരസ്പര സമ്പര്‍ക്കം എന്നിവയിലൂടെയാണ്. കര്‍ഷകരെ സംബന്ധിച്ച് രോഗം വന്നാല്‍ പന്നികളെ കൊന്നൊടുക്കുകയല്ലാതെ മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. പ്രതിരോധ മരുന്നും രോഗം വന്നാല്‍ ചികിത്സിക്കാന്‍ ആവശ്യമായ മരുന്നുകളും രോഗം വരാതിരിക്കാനുള്ള മുന്നൊരുക്ക മരുന്നുകളും കണ്ടെത്തുന്നതിനു വേണ്ടിയുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കണം. നിലവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിനെയാണ് ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ളത്. അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ ഉദ്യോഗസ്ഥരുടെയും വെറ്റനറി സര്‍വ്വകലാശാലയേയും, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിനെയും ഒരുമിച്ചുള്ള ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രത്യേക വിദഗ്ധ സംഘത്തെ പഠനത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നിയോഗിക്കണം. രോഗം വരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കണം. ജീന്‍ സീക്കന്‍സിംഗ് നടത്തിയപ്പോള്‍ സ്ഥിരീകരിക്കപെട്ടതിന് ശേഷം പരിശോധനയ്ക്ക് അയച്ച് ആഫ്രിക്കന്‍ പനി എന്ന് ഉറപ്പുവരുത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. പ്രതിരോധ മരുന്നുകളും ചികിത്സിച്ചു ഭേദമാക്കാനുള്ള സംവിധാനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനം അതിന്റെ ഏകോപനവും അത്യന്താപേക്ഷിത കാര്യമാണെന്ന് സബ്മിഷനില്‍ എംഎല്‍എ പറഞ്ഞു. നിലവില്‍ നഷ്ടപരിഹാര തുകയുടെ 50% കേന്ദ്ര വിഹിതവും 50%  സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. പന്നിപ്പനി രോഗവുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പന്നി വളര്‍ത്തല്‍ കര്‍ഷകരുടെ ബാങ്ക് വായ്പ മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് ദയാവധം ചെയ്ത പന്നികള്‍ക്ക് നഷ്ടപരിഹാര നല്‍കി വരുന്നതെന്നും, കേന്ദ്രസര്‍ക്കാരില്‍ നിന്നും പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലഭ്യമാകുന്ന മുറക്ക് നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുമെന്നും ക്ഷീരവികസന മന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *