സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അനുമതി വാങ്ങണം
കൽപ്പറ്റ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അനുമതി നിര്‍ബന്ധമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ 2023 മാര്‍ച്ച് ഒന്നിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുളള നിരാക്ഷേപ പത്രം വാങ്ങി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇവിടെ നിന്നും ലൈസന്‍സ് ലഭിക്കും. മാര്‍ച്ച് 1 മുതല്‍ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.
ജില്ലയില്‍ നിലവില്‍ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ശേഖരിക്കും. കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. സാഹസിക വിനോദ കേന്ദ്രങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുമതി/ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തിയ സംഘത്തിന് ജില്ലയില്‍ നിരവധി സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത്.
Leave a Reply