സ്വാഭാവിക വനം വീണ്ടെടുക്കല്‍ ; വനികരന്‍’ പദ്ധതി നൂല്‍പ്പുഴയില്‍ തുടങ്ങി
നൂല്‍പ്പുഴ:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ വനികരന്‍ പദ്ധതി തുടങ്ങി. ആദ്യ ഘട്ടത്തില്‍ റിസര്‍വ് വനത്തിലെ 15 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 7,8 വാര്‍ഡുകളിലെ കടമ്പക്കാട്, കോളൂര്‍, കളിച്ചിറ എന്നീ കോളനികളിലെ 82 പട്ടികവര്‍ഗ്ഗ തൊഴിലാളികളാണ് വൃക്ഷത്തൈകള്‍ നടുന്ന പ്രവൃത്തിയില്‍ എര്‍പ്പെടുന്നത്.
'സെന്ന' പോലുള്ള കളചെടികള്‍ വേരടക്കം പിഴുത് മാറ്റുന്നതിനും മുളയും ഫലവൃക്ഷതൈകളും നട്ട് 3 മുതല്‍ 5 വര്‍ഷം വരെ പരിപാലനം ഉറപ്പ് വരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വളപ്രയോഗം, നനയ്ക്കല്‍ തുടങ്ങിയ പരിപാലന പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഇതുവരെ 3.5 ഹെക്ടര്‍ സ്ഥലത്ത് വനം വകുപ്പിന്റെ നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച 3000 മുളതൈകളും, 1000 ഫലവൃക്ഷതൈകളും നട്ടുപിടിപ്പിച്ചു. തൈ നടുന്നതിനൊപ്പം മണ്‍ബണ്ടും നീര്‍കുഴികളും ചെയ്യുന്നതിനാല്‍ ഈ പ്രദേശത്തെ ജലലഭ്യതയും ഉറപ്പാകും.
സ്വാഭാവിക വനത്തിനു ഭീക്ഷണിയായ വിദേശ സസ്യങ്ങളെ മാറ്റി നിര്‍ത്തുന്നതിനും സ്വാഭാവിക വനം വ്യാപിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. ഭക്ഷ്യയോഗ്യമായ ഇനം മരങ്ങള്‍ നട്ടുപരി പാലിക്കുന്നത് വഴി വന്യമൃഗങ്ങല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുന്നത് തടയാനും സാധിക്കും. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാകും. കോളനികളിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ ലഭ്യമാക്കുന്നിനും പദ്ധതി പ്രയോജനപ്പെടുന്നുണ്ട്. നാളിതുവരെ 2756 പ്രവൃത്തിദിനങ്ങള്‍ ഇവര്‍ക്ക് നല്‍താന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
Leave a Reply