April 20, 2024

കളിമണ്ണിൽ കലയുടെ മേളം:വേറിട്ട കാഴ്ചയിൽ ഗോത്രോത്സവം

0
Img 20221211 Wa00422.jpg
വൈത്തിരി : കറങ്ങുന്ന ചക്രത്തിന് നടുവിലെ കളിമണ്ണിൽ വിരിഞ്ഞു ഗോത്ര പെരുമകൾ. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നടക്കുന്ന ഞങ്ങ ഗോത്രോത്സവത്തിൻ്റെ രണ്ടാം ദിനമാണ് വൈവിധ്യമാർന്ന പരിപാടികളിൽ ശ്രദ്ധേയമായത്. കളിമണ്ണ് കൊണ്ടുള്ള വേറിട്ട നിർമ്മിതികൾ പരിചയപ്പെടുത്തുന്നതായിരുന്നു കളിമൺ ശിൽപ്പശാല. സഞ്ചാരികൾക്കും കളിമൺ നിർമ്മിതിക്ക് അവസരം നൽകി. കാവും മന്ദം ആഗ്നേയ മൺപാത്ര നിർമ്മാണ യൂണിറ്റിലെ കെ. മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാരാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഞങ്ങ ഗോത്രോത്സവത്തിൽ കളിമണ്ണിൽ കരവിരുത് തീർത്തത്. നനഞ്ഞ കളിമണ്ണ് അതിവേഗം മനോഹര മൺപാത്രങ്ങളാകുമ്പോൾ സഞ്ചാരികളും കാഴ്ചക്കാരായി. കൗതുകത്തിൽ ഒരു കൈ നോക്കാനും സഞ്ചാരികളുടെ തിരക്കായിരുന്നു.
പ്രധാന വേദിയിൽ നല്ലൂർനാട് എം.ആർ.എസ് വിദ്യാർഥികളുടെ കലാവിരുന്നോടെയാണ് ഗോ ത്രോത്സവ വേദി ഉണർന്നത്. നല്ലൂർനാട് എം.ആർ.എസിലുള്ള 17 വിദ്യാർഥികളാണ് കലാവിരുന്നിൻ്റെ ഭാഗമായത്.  മണ്ണിന്റെ മണമുള്ള പാട്ടുകളും ജീവന്റെ താളവുമായി മുണ്ടേരി ഉണര്‍വ്വിന്റെ കലാകാരൻമാർ ഞങ്ങയുടെ അരങ്ങിലെത്തി. എൻ ഊരും ഇവരുടെ പാട്ടുകൾക്ക് താളം വെച്ചു. വള്ളുവനാടിന്റെ തനത് ജീവിത പരിസരങ്ങളില്‍ നിന്നും ആചാര പെരുമയുടെ പുതിയ കാലത്തിലേക്ക് നടന്നെത്തിയ വട്ട മുടിയെന്ന കലാരൂപവും ദൃശ്യാവിഷ്‌ക്കാരത്തിന് ചാരുതയേകി. ഉണർവ്വിലെ ഇരുപതോളം കലാകാരന്‍മാരാണ് കലാ പരിപാടികൾ അവതരിപ്പിച്ചത്. പരുന്തുകളി, മുടിയാട്ടം, അലാമിക്കളി, മംഗലംകളി തുടങ്ങിയ നാടന്‍കലകളുടെയും സംഗമ വേദിയായി ഗോത്രാത്സവം മാറുകയായിരുന്നു.
സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ പ്രമുഖർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് നടക്കും. വൈകീട്ട് 3 മുതല്‍ കല്‍പ്പറ്റ നന്തുണി മ്യൂസിക്സിന്റെ നാടന്‍ പാട്ട്, വട്ടക്കളി, തുടി, തെയ്യം എന്നിവയും പൂക്കോട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. എക്സിബിഷൻ ഹാളിൽ ഗോത്ര ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news