ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിൽ അഭിമാനമായി വയനാട്ടില്‍നിന്നു രണ്ട് പ്രൊജ്ടുകള്‍
കൽപ്പറ്റ:വയനാട്ടിന് അഭിമാനമായി നാല് വിദ്യാർത്ഥികൾ .ലക്ഷ്മി ഭാരതി, ഷിവോണ്‍ ആന്‍ വില്‍ഫ്രഡ്, സി.എ.അഞ്ജന, സി.എ.പവിത്ര.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു വയനാട്ടില്‍നിന്നു രണ്ട് പ്രൊജക്ടുകള്‍. മലബാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ നടന്ന മുപ്പതാമത് ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍നിന്നു അവതരിപ്പിച്ച അഞ്ച് പ്രൊജക്ടുകളില്‍നിന്നാണ് രണ്ടെണ്ണം ദേശീയ മത്സരത്തിനു തെരഞ്ഞടുത്തത്. ജനുവരിയില്‍ അഹമ്മദാബാദിലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്.
കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലെ ലക്ഷ്മി ഭാരതിയും കണിയാമ്പറ്റ ജി.വി.എച്ച്.എസ്.എസിലെ ഷിവോണ്‍ ആന്‍ വില്‍ഫ്രഡും അവതരിപ്പിച്ച ‘കാപ്പിത്തോട്ടങ്ങളുടെ കാര്‍ബണ്‍ ആഗിരണശേഷിയും ജൈവവൈവിധ്യവും’ ആണ് ദേശീയ മത്സരത്തിനു തെരഞ്ഞെടുത്ത പ്രൊജക്ടുകളില്‍ ഒന്ന്. ചീയമ്പം 73 പട്ടികവര്‍ഗ ഊരിലെ സി.എ.അഞ്ജന, സി.എ.പവിത്ര എന്നിവര്‍ അവതരിപ്പിച്ച ‘ഞണ്ടുകളുടെ ആവാസവ്യവസ്ഥ ശോഷണവും പ്രാദേശിക ഭക്ഷ്യസുരക്ഷയും’ ആണ് രണ്ടാമത്തേത്. പുല്‍പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് അഞ്ജനയും പവിത്രയും.
ആഗോള കാലാവസ്ഥാമാറ്റം ഏറെ ചര്‍ച്ചയാകുന്ന കാലഘട്ടത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ ഏതുരീതിയില്‍ സമീപിക്കാം എന്ന ചിന്തയില്‍നിന്നാണ് ‘കാപ്പിത്തോട്ടങ്ങളുടെ കാര്‍ബണ്‍ ആഗിരണശേഷിയും ജൈവവൈവിധ്യവും’ എന്ന വിഷയത്തില്‍ ഉദയം ചെയ്തതെന്നു ലക്ഷ്മി ഭാരതിയും ഷിവോണും പറഞ്ഞു.
തണല്‍ കാപ്പി കൃഷിക്കുള്ള കാര്‍ബണ്‍ ആഗിരണ ശേഷി ഏറെ ചര്‍ച്ച ചെയ്യപ്പെടാത്തതും സ്വീകാര്യത കൈവരിക്കാത്തതുമായ വിഷയമാണ്. കാപ്പി കര്‍ഷകര്‍ക്ക് മാതൃകയാക്കാവുന്ന വയനാടന്‍ തണല്‍ കാപ്പി കൃഷിരീതി സമൂഹത്തിന് പരിചപ്പെടുത്തിയാണ് ലക്ഷ്മി ഭാരതിയും ഷിവോണും അവതരണം പൂര്‍ത്തിയാക്കിയത്.
സമീപകാലത്തു ഞണ്ടുകളുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ‘ഞണ്ടുകളുടെ ആവാസവ്യവസ്ഥ ശോഷണവും പ്രാദേശിക ഭക്ഷ്യസുരക്ഷയും’ പഠന വിഷയമാക്കിയതെന്നു അഞ്ജനയും പവിത്രയും പറഞ്ഞു. അമിത രാസവള പ്രയോഗമാണ് ഞണ്ടുകളുടെ എണ്ണത്തിലുണ്ടായ കുറവിനു കാരണമെന്നു പഠനത്തില്‍ വിശദീകരിക്കുന്നു.
കല്‍പറ്റയിലെ പരിസ്ഥിതി ശാസ്ത്ര ഗവേഷണ കേന്ദ്രമായ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ ്‌ലൈഫ് ബയോളജിയുടെ സഹായത്തോടെയായിരുന്നു വിദ്യാര്‍ഥികളുടെ പഠനം. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതില്‍ ജൂനിയര്‍ വിഭാഗത്തില്‍ ആറും സീനിയര്‍ വിഭാഗത്തില്‍ പത്തും പ്രൊജക്ടുകളാണ് ദേശീയ മത്സരത്തിനു തെരഞ്ഞെടുത്തത്. ആകെ 108 പ്രൊജക്ടുകളുടെ അവതരണമാണ് നടന്നത്.
Leave a Reply