March 29, 2024

ഗോത്ര മേഖലയില്‍ നൂറ് കുടുംബശ്രീ സംരംഭങ്ങള്‍

0
Img 20221217 192621.jpg
കൽപ്പറ്റ : ജില്ലയിലെ ഗോത്ര മേഖലയില്‍ കുടുംബശ്രീയുടെ  'ബണ്‍സ' ക്യാമ്പയിനിലൂടെ നൂറ് സംരഭങ്ങള്‍ രൂപീകരിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ് പ്രഖ്യാപനം നടത്തി. ഗോത്ര മേഖലയിലെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് വരുമാനദായക പ്രവര്‍ത്തനങ്ങളിലൂടെ ഊരുകളില്‍ വികസനത്തിന്റെ പുതിയ വെളിച്ചം കൊണ്ടുവരിക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. 
കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മൈക്രോ സംരംഭം, ആര്‍.കെ.ഐ.ഡി, എസ്.വി.ഇ.പി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന പ്രത്യേക ക്യാമ്പയിനാണ് 'ബണ്‍സ'. കാട്ടുനായ്ക്ക ഭാഷയില്‍ വെളിച്ചം എന്നാണ് 'ബണ്‍സ' എന്ന വാക്കിന്റെ അര്‍ത്ഥം. ഗോത്ര മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ജില്ലയില്‍ കുടുംബശ്രീയുടെതായി ഉണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷം മൃഗസംരക്ഷണ, സൂക്ഷ്മ സംരംഭ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ഊന്നിക്കൊണ്ട് 500 സംരംഭങ്ങളെങ്കിലും രൂപീകരിക്കുക എന്ന ദൗത്യമാണ് ഈ ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നത്. 'ബണ്‍സ' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഊരുകളിലും, അയല്‍ക്കൂട്ട യോഗങ്ങളിലും പ്രത്യേകം വിളിച്ചുചേര്‍ത്ത സി.ഡി.എസ്തല യോഗങ്ങളിലും കുടുംബശ്രീയുടെ എം.ഇ.സി ( മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം ഉപയോഗപ്പെടുത്തി ക്ലാസ്സുകള്‍ നടത്തിയാണ് സംരംഭ രൂപീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ മിഷന്‍ വിവിധ സ്ഥലങ്ങളിലായി 800 ലധികം പേരെ പരിശീലനത്തിന്റെ ഭാഗമാക്കി. പരമ്പരാഗത സംരംഭങ്ങളും നൂതന സംരംഭങ്ങളും രൂപീകരിക്കുന്നതിന് ക്യാമ്പയിന്‍ സഹായകരമായി. വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ 'ബണ്‍സ' ക്യാമ്പയിനിന്റെ ഭാഗമായി 100 സംരംഭങ്ങള്‍ പുതിയതായി രൂപീകരിച്ചു. 
തയ്യല്‍, പലഹാര നിര്‍മ്മാണം, കൂണ്‍ വിത്ത് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ബാര്‍ബര്‍ ഷോപ്പ്, പെട്ടിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധതരത്തിലുള്ള സംരംഭങ്ങള്‍ കഴിഞ്ഞ അഞ്ചുമാസക്കാലം കൊണ്ട് ജില്ലയില്‍ ഗോത്ര മേഖലയില്‍ നിന്നും രൂപീകരിച്ചു. ജില്ലാ മിഷന്റെ തിരിച്ചടവില്ലാത്ത ഫണ്ടുകള്‍ക്ക് പുറമേ കുടുംബശ്രീയുടെ ലോണ്‍ സംവിധാനം വഴി കൂടുതല്‍ തുക ഗോത്രമേഖലയില്‍ ചെലവഴിക്കാനും ജില്ലാ മിഷന് സാധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *