February 29, 2024

ജൈന സംസ്‌കൃതിയെ തൊട്ടറിഞ്ഞ് ജൈൻ റൈഡ്

0
Img 20221218 101312.jpg
  കൽപ്പറ്റ : ജില്ലയിലെ ജൈനമത സംസ്കൃതിയെ അടുത്തറിയാനായി ഒരുക്കിയ വയനാട് ജൈന്‍ സര്‍ക്ക്യൂട്ടിന്റെ പ്രചരണാര്‍ത്ഥം ജൈന്‍ റൈഡ് – സീസണ്‍ 2എന്ന പേരില്‍ നടത്തിയ സൈക്കിൾ ഡ്രൈവ് ജില്ലയുടെ ടൂറിസം ചരിത്രത്തിലെ  നാഴികക്കല്ലായി മാറി. ജൈന  സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളായ ജില്ലയിലെ 12 കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കേന്ദ്ര ടൂറിസം മന്ത്രാലയം, വയനാട് ജൈന സമാജം, വയനാട് ബാക്ക്ബാക്കേഴ്‌സ് ടൂറിസം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൈന്‍ റൈഡ് സംഘടിപ്പിച്ചത്.
ജൈന സംസ്കൃതിയുടെ സ്മരണകൾ തൊട്ടുണർത്തുന്ന കല്‍പ്പറ്റ മൈലാടിപ്പാറയിൽ  നിന്നാണ് ജൈൻ റൈഡ് ആരംഭിച്ചത്. റൈഡിൻ്റെ ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, കേന്ദ്ര ടൂറിസം മന്ത്രാലയം പ്രതിനിധി രവികുമാർ, ജൈനസമാജം പ്രസിഡന്റ് സി.വി നേമി രാജന്‍ എന്നിവർ ചേർന്ന്  നിർവഹിച്ചു. തുടർന്ന് പുളിയാര്‍മല അനന്തനാഥ് സ്വാമി ജൈന ക്ഷേത്രം, വെണ്ണിയോട് ശാന്തിനാഥ സ്വാമി ജൈന ക്ഷേത്രം, പനമരം പാലു കുന്ന് പരശ്വനാഥ ജൈന ക്ഷേത്രം,  അഞ്ചുകുന്ന് പരശ്വനാഥ സ്വാമി ജൈന ക്ഷേത്രം, മാനന്തവാടി പാണ്ടിക്കടവ് ആദീശ്വര സ്വാമി ജൈന ക്ഷേത്രം,  കൊയിലേരി പുതിയിടം ആദീശ്വര ജൈന ക്ഷേത്രം, പുത്തനങ്ങാടി ചന്ദ്രനാഥ സ്വാമി ജൈന ക്ഷേത്രം,   വരദൂര്‍ അനന്തനാഥ സ്വാമി ക്ഷേത്രം എന്നീ ജൈന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച്  സുല്‍ത്താന്‍ ബത്തേരി പുരാതന ജൈനമത ക്ഷേത്രത്തിലാണ് ചരിത്രമായ ജൈൻ റൈഡ് സമാപിച്ചത്. ബത്തേരി വിൽട്ടൺ ഹോട്ടലിൽ നടന്ന സൈക്കിൾ ഡ്രൈവിൻ്റെ സമാപന സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രാലയം പ്രതിനിധി എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൈഡിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ലെജിൽ ചന്ദ്രൻ, ഡി.ടി.പി.സി മാർക്കറ്റിംഗ് മാനേജർ പി.പി പ്രവീൺ, സത്താർ വിൽട്ടൺ, ഡോ. മുഹമ്മദ് സാജിദ് തുടങ്ങിയവർ സംസാരിച്ചു. ജൈൻ സർക്യൂട്ടിൻ്റെ ഭാഗമായി നടത്തിയ ജൈൻ റൈഡ് കാണാനായി മധ്യപ്രദേശിൽ നിന്ന് എത്തിയ അതിഥികൾ ജൈൻ റൈഡിൻ്റെ കൗതുകമായി മാറി.
മൂന്ന് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 കേന്ദ്രങ്ങളിലൂടെ 100 കിലോമീറ്ററിലധികം ദൂരമാണ് സൈക്കിൾ ഡ്രൈവ് നടത്തിയത്. ജില്ലയിലെ 35 ഓളം റൈഡര്‍മാര്‍ സൈക്കിൾ ഡ്രൈവിൽ  പങ്കെടുത്തു. യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ജൈനകേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന സ്വച്ഛത ഡ്രൈവ്, ജൈന കേന്ദ്രങ്ങളുടെ വിവരങ്ങളടങ്ങിയ ലഘുലേഖാ ക്യാമ്പയിന്‍ എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ജൈനകേന്ദ്രങ്ങളെ അടുത്തറിയാന്‍ പുതിയ തലമുറകള്‍ക്കായി  സര്‍ക്ക്യൂട്ട് സഹായകരമാകും. 
450 ഓളം ജൈന കുടുംബങ്ങളിലായി രണ്ടായിരത്തില്‍ താഴെ ആളുകളാണ് വയനാട്ടില്‍ അധിവസിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജൈനമതക്കാരുള്ളതും വയനാട്ടിലാണ്.  മാനന്തവാടി, പനമരം, കണിയാമ്പറ്റ, കല്‍പ്പറ്റ, വെണ്ണിയോട്, വരദൂര്‍, അഞ്ച്കുന്ന് എന്നിവിടങ്ങളാണ് വയനാട്ടിലെ പ്രധാന ജൈന ആവാസ പ്രദേശങ്ങള്‍. ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അടുത്തറിയാനും  ജൈന്‍ സര്‍ക്ക്യൂട്ട് വഴികാട്ടും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *