പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം- മന്ത്രി വി.ശിവൻകുട്ടി
പിണങ്ങോട്: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സമാനതകളില്ലാത്ത പ്രവർത്തനമാണിതെന്നും ഫലമായി പത്തര ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്കെത്തിയെന്നും മന്ത്രി പറഞ്ഞു. കിഎഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയത്. പിണങ്ങോട് ഗവ. യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഒരു പൊതുവിദ്യാലയവും അടച്ചുപൂട്ടരുത്. ഇത് മുന്നിൽ കണ്ടാണ് കിതച്ചു കൊണ്ടിരുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. അക്കാദമികമായി സ്കൂളുകളെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളും വിദ്യാകിരണം മിഷന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ഉദാഹരണമാണ് പിണങ്ങോട് യു.പി സ്കൂളെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയുടെ കെട്ടിടത്തിന്റെയും പാചകപ്പുര, നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം, പാർക്ക്, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകൾ എന്നിവയുടെയും ഉദ്ഘാടനമാണ് നടന്നത്.
ചടങ്ങിൽ ടി.സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പാചകപ്പുര, എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകൾ എന്നിവയുടെ ഉദ്ഘാടനം ടി.സിദ്ദീഖ് എം.എൽ.എ നിർവ്വഹിച്ചു. നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം മുൻ എം എൽ.എ യും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാനുമായ സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. നവീകരിച്ച പ്രീ പ്രൈമറി കെട്ടിട ഉദ്ഘാടനം പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി നിർവ്വഹിച്ചു.
കെട്ടിട വിഭാഗം എഞ്ചിനീയർ ഒ.സുനിത റിപ്പോർട്ട് അവതരണം നടത്തി. ചടങ്ങിൽ പിണങ്ങോട് ഗവ. യു.പി സ്കൂളിലെ അധ്യാപകനായ എ.ഡി. അഷറഫിനെ ആദരിച്ചു.
വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, വാർഡ് മെമ്പർ സി.മമ്മി, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശി പ്രഭ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി അനിൽ കുമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ വിൽസൺ തോമസ്, വൈത്തിരി എ.ഇ.ഒ വി.മോഹനൻ, വൈത്തിരി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എ.കെ ഷിബു, പി.ടി.എ പ്രസിഡന്റ് കെ. ജറീഷ്, മദർ പി.ടി.എ പ്രസിഡന്റ് എ.കെ ഷീന തുടങ്ങിയവർ സംസാരിച്ചു.
Leave a Reply