നവീകരിച്ച സ്‌ക്കൂള്‍ ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്തു

കാക്കവയൽ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 16 വിദ്യാലയങ്ങളില്‍ സജ്ജമാക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കാക്കവയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌ക്കൂളുകളില്‍ ലൈബ്രറികള്‍ സജ്ജമാക്കുന്നത്. പൊതുവിദ്യാലയങ്ങളെ അക്കാദമികവും , ഭൗതികവുമായി ശാക്തീകരിക്കു ന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വിദ്യാലയങ്ങളില്‍ സജ്ജമാക്കുന്ന ആധുനിക സൗകര്യങ്ങളോടു കുടിയുള്ള ലൈബ്രറികളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കാക്കവയല്‍ സ്‌ക്കൂളില്‍ സജ്ജമാക്കിയ സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളെ പരിചയപ്പെടുത്തുന്ന ഇന്ററാക്ടീവ് പാനലോട് കൂടിയ സ്മാര്‍ട്ട് റൂമിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഈ സൗകര്യമുളള ഏക വിദ്യാലയമാണ് കാക്കവയല്‍. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. ജില്ല പഞ്ചായത്തിന്റെ നൂതന പദ്ധതിയായി അവതരിപ്പിച്ച ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജില്ലയിലെ ഇരുപതോളം വിദ്യാലയങ്ങളില്‍ കൂടി ഇന്ററാക്ടീവ് പാനലോട് കൂടിയ സ്മാര്‍ട്ട് റൂമുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഇതിനായി 1 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അമ്മവായന ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടനും പ്രതിഭകളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീറും നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഉഷാതമ്പി, ബീന ജോസ്, മീനാക്ഷി രാമന്‍, സീത വിജയന്‍, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരന്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സക്കറിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply