തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണം:ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. ജില്ലയിലേയും, നിയോജകമണ്ഡലത്തിലെയും സാധാരണക്കാരായ നിരവധിയാളുകള്‍ നിത്യവൃത്തിക്കായി ആശ്രയിക്കുന്നത് തോട്ടം മേഖലയെയാണ്. തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ സംബന്ധമായ നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായിട്ട് തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. കൃത്യമായി ജോലി എടുക്കുന്നുണ്ടെങ്കിലും നിലവില്‍ കിട്ടുന്ന കൂലി കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമിയും, വീടും നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ രണ്ട് തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ച ലയങ്ങളും, സുരക്ഷിതമല്ലാത്ത ശൗചാലയങ്ങളുമാണ് ഇവര്‍ക്ക് ഉപയോഗിക്കാന്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയിട്ടുള്ളത്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. നിലവില്‍ കൂലി വര്‍ദ്ധിപ്പിക്കേണ്ട സമയം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. അതിനുവേണ്ട ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടില്ല. 2018 ല്‍ 50 രൂപ ഇടക്കാലാശ്വാസമായി നല്‍കിയത് പിന്നീട് 2 രൂപ വര്‍ദ്ധിപ്പിച്ച് 52 രൂപ കൂലി വര്‍ദ്ധനവായി പ്രഖ്യാപിക്കുകയല്ലാതെ കൂലിയിനത്തില്‍ യാതൊരു വര്‍ദ്ധനവും ചര്‍ച്ചയും നടന്നിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 600 രൂപ കൂലി ഇതുവരെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് വേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാജ്യത്ത് ആകെ തോട്ടം വിളകളുടെ 44% സംഭാവന ചെയ്യുന്നത് കേരളമാണ്. അതില്‍ 38% തോട്ടം ഭൂമിയുള്ളത് കേരളത്തിലാണ്. അതില്‍ 18 ലക്ഷം ജനങ്ങള്‍ ആശ്രയിക്കുന്നത് തോട്ടം മേഖലയെയാണ്. തോട്ടം മേഖലയേയും, തൊഴിലാളികളേയും, അവരുടെ ഭൗതീക സാഹചര്യങ്ങളും കൂലി ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
Leave a Reply