December 11, 2024

ജില്ലയില്‍ മൂന്ന് ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു

0
IMG-20221228-WA00052.jpg
 കൽപ്പറ്റ : കേരള വാട്ടര്‍ അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധന വിഭാഗം വയനാട് ജില്ലയില്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ള, ഐ.എസ്.ഒ/ഐ.ഇ.സി നിലവാരത്തിലുള്ള മൂന്നു ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു. നോര്‍ത്ത് കല്‍പ്പറ്റയിലുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് സബ് ഡിവിഷന്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലും, മാനന്തവാടി മെഡിക്കല്‍ കോളേജ് റോഡിലുള്ള ഡി.എം.ഒ ഓഫീസിനിലരികിലുള്ള ജലവിതരണ ടാങ്ക് ബില്‍ഡിങ്ങിലും അമ്പലവയല്‍ ഗവ. ആശുപത്രിക്ക് സമീപവുമാണ് പുതിയ ലാബുകളുടെ പ്രവര്‍ത്തനം. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ജലപരിശോധന ലാബിന്റെ പ്രവര്‍ത്തനം ബാക്റ്റീരിയോളജി ലാബിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വൈകാതെ തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു. 
പരിശോധനാരീതികള്‍ പ്രാവര്‍ത്തികമാക്കുന്നതിലും പ്രയോഗിക്കുന്നതിലും അതിവിദഗ്ദ്ധരായ കെമിസ്റ്റുമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും മേല്‍നോട്ടത്തിലാണ് ലാബുകളുടെ പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്ക് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും അവരുടെ സേവനം സദാസമയവും ലബോറട്ടറികളില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തോടെ തങ്ങള്‍ ഉപയോഗിക്കുന്ന കൂടിവെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ അറിയുന്നതിനും കേരള വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. വ്യാപാര വ്യവസായ ആവശ്യങ്ങള്‍ക്കുള്ള കൃത്യവും സുതാര്യവുമായ ജലപരിശോധനകള്‍ക്കും ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളെ സമീപിക്കാം.  
 ഉപഭോക്താക്കള്‍ക്ക് നേരിട്ടോ ലബോറട്ടറികളില്‍നിന്നോ kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരിശോധന ഫീസ് അടച്ച് ജലപരിശോധനക്കായി സാമ്പിളുകള്‍ എത്തിക്കാം. വാട്ടര്‍ അതോറിറ്റിയുടെ ഹോം പേജില്‍ കാണുന്ന ഉപഭോക്താക്കളുടെ ഭാഗം എടുത്ത് 'വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിങ്' എന്ന ലിങ്ക് വഴിയാണ് പണം അടക്കേണ്ടത്. അഞ്ചു ദിവസത്തിനുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തോ അതാത് ലാബുകളില്‍ നിന്നോ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വിവിധ ഫീസ് ഘടനകളില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. മുഴുവന്‍ ടെസ്റ്റും ചെയ്യാനായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 850 രൂപയും ഗര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് 500 രൂപ മുതല്‍ 3300 രൂപവരെയുള്ള വിവിധ നിരക്കുകളുമാണുള്ളത്. ഫോണ്‍: 8289940566, കല്‍പ്പറ്റ-04936 293752, മാനന്തവാടി-04935 294131, അമ്പലവയല്‍-04936 288566.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *