വർധിച്ച കൂലി ചെലവും വന്യമൃഗശല്യവും ചേകാടിയിൽ ഗന്ധകശാല കൃഷി പ്രതിസന്ധിയിൽ

പുൽപ്പള്ളി: വർധിച്ച കൂലി ചെലവും വന്യമൃഗശല്യവും ചേകാടിയിൽ ഗന്ധകശാല കൃഷി പ്രതിസന്ധിയിൽ
കേരള-കർണാടക അതിർത്തിയിലെ കാർഷിക ഗ്രാമമാണ് ചേകാടി.കുടിയേറ്റ മേഖലയിലെ നെല്ലറ എന്നും അറിയപ്പെട്ടിരുന്ന ചേകാടി ഗ്രാമത്തിൽ ഗന്ധകശാല കൃഷിയുടെ അളവ് ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവരുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഗ്രാമമാണ് ചേകാടി.
വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തിൽ കൂടുതലായും ആദിവാസി വിഭാഗങ്ങളും ചെട്ടി വിഭാഗക്കാരുമാണുള്ളത്. 250 ഏക്കർ വയലാണ് ഇവിടെയുള്ളത്. മുമ്പെല്ലാം ഇവിടെ പൂർണമായും ഗന്ധകശാലയാണ് കൃഷി ചെയ്തിരുന്നത്. ഇപ്പോൾ അതിന്റെ അളവ് 50 ഏക്കറിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്.
പരമ്പരാഗത ശൈലിയിൽ തന്നെയാണ് ഇവരുടെ കൃഷി. യന്ത്രവത്കരണവും കാര്യമായി കടന്നുവന്നിട്ടില്ല. വർധിച്ചുവരുന്ന വന്യജീവി ശല്യവും കൂലിച്ചെലവ് വർധിച്ചതും ഗന്ധകശാലകൃഷിയിൽ നിന്ന് കർഷകരെ പിന്നോട്ടടുപ്പിച്ചു. വിപണിയിൽ ഗന്ധകശാല അരിയുടെ വ്യാജന്മാർ ധാരാളമുണ്ട്.
മായമില്ലാത്ത ഗന്ധകശാല ലഭിക്കണമെങ്കിൽ ചേകാടിയിൽ തന്നെ വരണം. കിലോക്ക് 175 രൂപ വരെയാണ് വില. ഭൗമസൂചിക പട്ടികയിൽ ഇടംപിടിച്ച നെല്ലിനമാണ് ഗന്ധകശാല. കൃഷി സംരക്ഷണത്തിന് പദ്ധതികൾ ഇല്ലാത്തതാണ് കർഷകരെ ഈ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു.



Leave a Reply