അഞ്ചാം പനി; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
കൽപ്പറ്റ : ജില്ലയിലെ പൊരുന്നന്നൂര്‍ ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വെള്ളമുണ്ട, എടവക എന്നീ പഞ്ചായത്തുകളില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് അറിയിച്ചു. ഭാഗികമായി മാത്രം കുത്തിവെപ്പെടുത്ത രണ്ട് കുട്ടികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് ഒമ്പത്, പത്ത് വയസ്സുകളുള്ള കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
*എന്താണ് അഞ്ചാം പനി*
പാരാമിക്സോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
*ലക്ഷണങ്ങള്‍*
പനിയാണ് ആദ്യ ലക്ഷണം. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്ന ശേഷം ദേഹമാസകലം ചുവന്ന അടയാളം കാണപ്പെടും. വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ്, ബ്ലൈന്‍ഡ്നെസ്സ്, ന്യുമോണിയ, എന്‍സഫൈലിറ്റസ് എന്നിവയും ഉണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
*രോഗപ്പകര്‍ച്ച*
അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖസമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും അഞ്ചാം പനി പിടിപെടാം.
*സങ്കീര്‍ണതകള്‍*
അഞ്ചാം പനി കാരണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജ്ജലീകരണവും ചെവിയില്‍ പഴുപ്പുമാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കില്‍ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.
*പ്രതിരോധ മാര്‍ഗം*
രോഗം തടയാന്‍ കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് ഒമ്പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. ഒന്നരവയസ്സ് മുതല്‍ രണ്ടുവയസ്സ് വരെ രണ്ടാമത്തെ ഡോസ് നല്‍കാം. കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.
*വിറ്റാമിന്‍ എ യ്ക്ക് മുഖ്യസ്ഥാനം*
ആന്റി ഇന്‍ഫെക്റ്റീവ് വൈറ്റമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ എ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് പുറമേ കാഴ്ച, പ്രജനനം, കോശങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം അടക്കം നിരവധി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. അഞ്ചാം പനിയുടെ വൈറസ് ശരീരത്തിലെ വിറ്റാമിന്‍ എ യുടെ അളവ് കുറയ്ക്കുന്നു. വിറ്റാമിന്‍ എയുടെ അളവ് കുറയുന്നത് അഞ്ചാംപനിയുടെ തീവ്രത വര്‍ധിപ്പിക്കും.
2019 ജൂലൈയിലാണ് ഇതിന് മുമ്പ് ജില്ലയില്‍ അവസാനമായി മീസില്‍സ് കേസ് സ്ഥിരീകരിച്ചത്. ജില്ലയില്‍ അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ശരീരത്തില്‍ ചുവന്ന പാട്, പനി എന്നീ ലക്ഷണമുള്ളവര്‍ സ്വയം ചികിത്സക്കാതെ ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
Leave a Reply