ഒരു കലാസൃഷ്ടിയുടെ അന്തിമമായ ഉത്തരം ജീവിതത്തെ കുറിച്ച് മുൻകൂറായി പറഞ്ഞുവയ്ക്കലല്ല:സുനിൽ പി ഇളയിടം

ദ്വാരക :ഒരു കലാസൃഷ്ടിയുടെ അന്തിമമായ ഉത്തരം ജീവിതത്തെ കുറിച്ച് മുൻകൂറായി പറഞ്ഞുവയ്ക്കലല്ല, പകരം വൈരുധ്യങ്ങളിലേക്ക് തുറന്നുവിടലാണെന്ന് സുനിൽ പി ഇളയിടം. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംദിനം ഇതിഹാസങ്ങളുടെ സമകാലിക ജീവിതം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർഥ്യത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യം.ജീവിതത്തിൽ യാഥാർഥ്യത്തിന് ധാരാളം വൈരുധ്യങ്ങളുണ്ടാകും. ഇവ നിഷേധിച്ച് മുന്നോട്ടുപോവുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരതമെന്ന ഇതിഹാസം ഒറ്റയ്ക്കൊരാൾ എഴുതിയതല്ല. ഏകമാനമായ ഒരർഥവും ഒരു ജീവിതവും മാത്രമേ ഇതിന് ഉള്ളൂവെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ മുൻനിരയിൽ ഇന്ന് ഉള്ളത് മതവർഗീയവാദികളാണ്. അവരെ സംബന്ധിച്ച് മഹാഭാരതം ഏകപാഠമാണ്. ഇത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പാഠമാണെന്ന് വരുത്തിതീർക്കുകയാണ് ലക്ഷ്യം. യഥാർഥത്തിൽ ഐതിഹ്യങ്ങളുടെ മഹാ സ്രോതസാണ് മഹാഭാരതം. മതവർഗീയവാദികൾ മുന്നോട്ടുവയ്ക്കുന്ന ഏകമാനമായ ഒരു അർത്ഥമാണ് ഇതിഹാസങ്ങൾക്കുള്ളതെന്ന വീക്ഷണത്തെ പിൻപറ്റി അത് ഏറ്റെടുക്കാനോ നിരാകരിക്കാനോ മുതിരുന്നത് നിരർഥകമായ താത്വിക യുദ്ധമാണ്.



Leave a Reply