പുതുവർഷ പുലരി അപകടരഹിതമാക്കുക:മോട്ടോർ വഹനവകുപ്പ് പരിശോധന കർശനമാക്കും

കൽപ്പറ്റ : പുതുവർഷ പുലരി അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് ജില്ലയിൽ ആർ. ടി. ഒ എൻഫോഴ്‌സ്‌മെന്റിന്റെയും, ജില്ലാ ആർ. ടി. ഒ യുടെയും നേതൃത്വത്തിൽ ഉർജ്ജിതമായ പരിശോധനകൾ നടത്തുന്നതാണ്. അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, കാറുകളിൽ ശരീരഭാഗങ്ങൾ പുറത്തിട്ട് അഭ്യാസപ്രകടനങ്ങൾ നടത്തൽ, അമിതമായി ഹോൺ മുഴക്കൽ, സൈലൻസർ മാറ്റിവെയ്ക്കൽ, അതി തീവ്ര ലൈറ്റുപയോഗം എന്നിവയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിടി വീഴുന്നതാണ്. കൂടാതെ ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കും ഉചിതമായ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതാണ്. വയനാട് ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പുതുവത്സരാശംസകൾ നേരുന്നതായി എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ . അനൂപ് വർക്കി, ജില്ലാ ആർ. ടി. ഒ . ഇ. മോഹൻദാസ് എന്നിവർ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന ഇമെയിൽ /ഫോൺ നമ്പർ മുഖാന്തിരം പൊതു ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. rtoe12.mvd@kerala.gov.in ,+91 91889 63112



Leave a Reply