പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
പനമരം: പോലീസുകാരനെ സസ്‌പെന്റ് ചെയ്തു.അശ്രദ്ധമായി വാഹനമോടിച്ച പോലീസുകാരന്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുകയും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ബന്ധുക്കളോടും മറ്റും പിന്നീട് മദ്യലഹരിയില്‍ ആശുപത്രിയിലെത്തി ബഹളം വെക്കുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.പി ബിനുവിനെയാണ് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐ പി എസ് സസ്‌പെന്റ് ചെയ്തത്. ജനുവരി അഞ്ചിന് കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വെച്ചായിരുന്നു അപകടം. ഇയ്യാള്‍ അശ്രദ്ധമായി ഡ്രൈവ് ചെയ്ത് വന്ന കാറിടിച്ച് പ്രദേശവാസിയായ ബൈക്ക് യാത്രികന്‍ പി.കെ സിയാദിന്റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. അപകട സമയം പോലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്നും, ഇടിച്ച വാഹനം നിര്‍ത്താതെ പോയതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. കൂടാതെ സിയാദിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മദ്യലഹരിയില്‍ ബഹളം വെച്ച ഇയ്യാളെ കല്‍പ്പറ്റ പോലീസെത്തിയാണ് പിടിച്ച് കൊണ്ടുപോയത്. പോലീസുകാരനെന്ന നിലയില്‍ ബിനുവിന്റെ പെരുമാറ്റം പോലീസ് സേനയ്ക്കു കളങ്കം വരുത്തിയതിനാലും, അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവും പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ട നിലയ്ക്കുമാണ് ബിനുവിനെ സസ്‌പെന്റ് ചെയ്തത്. ഇയ്യാള്‍ക്കെതിരെ വാച്യാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പളക്കാട് എസ്.എച്ച്.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Leave a Reply