കാട്ടാനയെ പിടികൂടുന്നതിന് നടപടികള്‍ ഊര്‍ജ്ജിതം:മന്ത്രി എ.കെ. ശശീന്ദ്രന്‍
കൽപ്പറ്റ :ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ പിടികൂടുന്നതിനുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തിവരുകയാണ്. 150 ഓളം ഉദ്യോഗസ്ഥന്‍മാർ അടങ്ങിയ സംഘമാണ് ഓപ്പറേഷൻ നടത്തുന്നത് . പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ച പന്തല്ലൂര്‍ മെക്കന (പി.എം- 2) എന്ന് തമിഴ്നാട് വനംവകുപ്പ് നാമകരണം ചെയ്ത മോഴയാനയാണ് ബത്തേരി നഗരത്തിലെത്തിയതെന്ന് ബോധ്യപ്പെട്ടു. ഈ ആനയെ കഴിഞ്ഞമാസം തമിഴ്നാട് വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് സത്യമംഗലം വനത്തില്‍ വിട്ടയച്ചതാണ്. ഈ ആനയെ വയനാട് വന്യജീവി സങ്കേതത്തിലെ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളിലെ വനപാലകരുടെയും ദ്രുതകര്‍മ്മ സേനകളുടെയും സഹായത്തോടെ മയക്കുവെടിവെച്ച് മുത്തങ്ങ ആന പരിപാലന കേന്ദ്രത്തില്‍ തളക്കാനുള്ള ഉത്തരവ് ഇതിനകം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം നഷ്ടപ്പെടാതെ അവര്‍ക്ക് ഈ ഉദ്യമത്തിന് പിന്തുണ നല്‍കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഓപ്പറേഷൻ നടക്കുന്ന പ്രദേശത്ത് ജനങ്ങള്‍ കൂട്ടമായി വരുന്നത് ദോഷകരമായി ബാധിക്കും. ജനവാസ മേഖലയില്‍ ഇപ്പോള്‍ ആന ഇല്ലെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് വരാനുള്ള സാഹചര്യം പരിഗണിച്ച് ഉള്‍ക്കാട്ടില്‍ പരിശോധന നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുടിശ്ശിക നല്‍കുന്നതിനായി ജില്ലയ്ക്ക് 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മുന്‍ഗണന അനുസരിച്ച് അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തി തുടങ്ങും. നഷ്ടപരിഹാര തുക കൊടുക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍. ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററും നോഡല്‍ ഓഫീസറുമായ കെ.എസ്. ദീപ, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് ഷബാബ്, ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply