April 25, 2024

പ്രകാശനത്തിനൊരുങ്ങി ശിവരാമൻ പാട്ടത്തിലിന്റെ വയനാടൻ കാർഷിക സംസ്കൃതി

0
Img 20230110 141459.jpg
കൽപ്പറ്റ: അഞ്ചുകുന്ന് സ്വദേശിയും ദീർഘകാലം അധ്യാപകനും കവിയും എഴുത്തുകാരനുമായ ശിവരാമൻ പാട്ടത്തിലിന്റെ രണ്ടാമത് പുസ്തകം വയനാടൻ കാർഷിക സംസ്കൃതി പ്രകാശത്തിന് ഒരുങ്ങുന്നു. പഴയ തലമുറയുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അയവിറക്കലാണ് ഈ ഗ്രന്ഥത്തിൽ മികച്ചു നിൽക്കുന്നത്. എന്നാൽ കാലത്തിന്റെ മാറ്റം കാർഷികവൃത്തിയിൽ വരുത്തിയ പരിവർത്തനങ്ങളെ അദ്ദേഹം ഈ ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നു. പഴയകാലത്തിന്റെ കാർഷിക രീതികളെ വാഴ്ത്തുമ്പോഴും പുതിയ കാലത്തിന്റെ രീതികളെ ഉൾക്കൊള്ളാനും ഈ പുസ്തകത്തിലൂടെ അദ്ദേഹം നിർദ്ദേശിക്കുന്നു. വയനാടിന്റെ കാർഷിക സംസ്കൃതിയിൽ വന്ന മാറ്റത്തെ കൃത്യമായി മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു ഗ്രന്ഥമാണിത്. ആധുനികകാലത്തെ പരിസ്ഥിതി പ്രേമികളും ജൈവകൃഷി ആരാധകരും ഇപ്പോൾ പറയുന്ന പലകാര്യങ്ങളും ആയിരത്താണ്ടുകളായി ഈ മണ്ണിൽ നിലനിന്ന് വരുന്നതാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. പഴയ കാലത്തിന്റെ രീതികൾ തിരിച്ചുവരണമെന്ന ഗ്രന്ഥകാരന്റെ ആഗ്രഹമാണ്  ഈ ഗ്രന്ഥത്തിലുടനീളം നിഴലിക്കുന്നത്. വയനാടൻ കൃഷി സമ്പ്രദായങ്ങൾ, വിവിധതരം നാട്ടികൾ, കൃഷിയിലെ ആധുനികത, നൂതന കൃഷി രീതികൾ, വിവിധതരം കൃഷികൾ, ഉപസംഹാരം എന്നീ ആറ് അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിലുളളത്. കാർഷിക സംസ്കൃതിയെ സ്നേഹിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് വയനാട് പൈതൃകം ബുക്സാണ്. കേന്ദ്ര കാർഷിക സർവകലാശാല കീടശാസ്ത്രവിഭാഗം പ്രൊഫസർ & ഹെഡ് ഡോ. കെ.എം. ശ്രീകുമാർ ആണ് ഇതിന് ആമുഖം എഴുതിയിട്ടുള്ളത്. വയനാടിന്റെ ചരിത്രകാരനായ മുണ്ടക്കയം ഗോപിയാണ് അവതാരിക തയ്യാറാക്കിയത്.120 പേജുകളുള്ള പുസ്തകത്തിൻറെ വില 150 രൂപയാണ്. വയനാടിന്റെ ചരിത്രം വിശദമാക്കുന്ന  നീലമലകൾ സാക്ഷി എന്ന ചരിത്രാഖ്യായികയും വാടാമല്ലികൾ എന്ന കവിതാസമാഹാരവും ഗ്രന്ഥകാരന്റേതായി നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി കവിതകളും ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.പലവർഷങ്ങളിലും സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനം അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുണ്ടായതാണ്.അഹം ബ്രഹ്മാസ്മി എന്ന നോവലിന്റെ രചനയിലുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *