പ്രായമായ അമ്മമാരുടെ സംരക്ഷണം സമൂഹം ഉണരണം :വനിതാ കമ്മീഷൻ

കൽപ്പറ്റ :സംസ്ഥാനത്ത് പ്രായമായ അമ്മമാരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഏറിവരികയാണ്. വിവിധ ജില്ലകളിൽ നിന്നും ഇത്തരത്തിലുള്ള ധാരാളം പരാതികൾ കമ്മീഷന് മുന്നിലെത്തുന്നു. ഈ പ്രവണതകൾക്കെതിരെ സമൂഹം ഉണരണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലയിൽ നിന്നും ലഭിച്ച പരാതികൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കമ്മീഷന് പരാതിയായി ലഭിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ ആദ്യഘട്ടത്തിൽ സ്ഥാപനതല ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി പരിശോധന നടത്തണം. തൊഴിൽ സ്ഥാപനങ്ങളുടെ ഉടമകളും മാനേജ്മെന്റും തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഗാർഹിക പീഡന പരാതികൾക്ക് കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്മീഷൻ സിറ്റിംഗിൽതന്നെ കൗൺസിലിംഗ് സേവനം ലഭ്യമാകും. വിശദമായ കൗൺസിലിംഗ് ആവശ്യമുള്ള കേസുകളിൽ തുടർച്ചയായ കൗൺസിലിംഗ് നൽകുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സിറ്റിംഗില് 34 പരാതികൾ പരിഗണിച്ചു. 8 കേസുകൾ തീർപ്പാക്കി. 6 കേസുകൾക്ക് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. 20 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മൂന്നു ബഞ്ചുകളാണ് കേസുകൾ പരിഗണിച്ചത്.
കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, കമ്മീഷൻ ഡയറക്ടർ പി.ബി രാജീവ്, അഡ്വക്കേറ്റുമാരായ മിനി മാത്യു, ഷേർളി, ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായ എസ്. പണിക്കർ, ഫാമിലി കൗൺസിലർമാരായ ഉണ്ണിമായ ജോർജ്ജ്, പി.വി സനില തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.



Leave a Reply