April 23, 2024

കാർഷിക ജൈവവൈവിധ്യ തനിമ ഒരുക്കി വയനാട് വിത്തുത്സവം

0
Img 20230312 101725.jpg
•റിപ്പോർട്ട്‌ :കെ. ജി.അശ്വതി•

കൽപ്പറ്റ :മൺമറഞ്ഞ് പോകുന്ന കാർഷിക സംസ്കാരത്തിന്റെ നേർക്കാഴ്ച ഒരുക്കി വയനാട് വിത്തുത്സവം ജനപ്രീതിയാർചിച്ചു. വയനാടിന്റെ മലയോര മേഖലയിലെ കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന എം എസ് സ്വാമിനാഥൻ ഗവേഷണ നിലയമാണ് ഏഴാമത് വിത്തുത്സവം സംഘടിപ്പിച്ചത്.2023 ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കുകയാണ്. തിനയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെറുധാന്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടന്ന വിത്തുത്സവം തനത് നാട്ടുവിത്തുകളും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും വയനാടിന്റെ കാർഷിക പൈതൃകം വിളിച്ചോതാനും വേദിയായി.
പുത്തൂർവയൽ എംഎസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടന്ന ദ്വിദിയ വയനാട് സാമൂഹിക വിത്തുത്സവം കൃഷിമന്ത്രി പി.പ്രസാദ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിന്റെയും അതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും വിത്ത് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
വിത്തുത്സവത്തിനോടനുബന്ധിച്ച് വിവിധ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശന സ്റ്റാളുകൾ വേറിട്ട കാഴ്ച്ച ഒരുക്കി. കിഴങ്ങുകൾ , വാഴ , നെല്ല്, തിന, ധാന്യങ്ങൾ തുടങ്ങിയവയും പ്രദർശനത്തിൽ ഉൾപ്പെട്ടു. നൂറാങ്ക് തിരുനെല്ലി ആദിവാസി വനിത കൂട്ടായ്മ പ്രദർശിപ്പിച്ച കിഴങ്ങു വർഗ്ഗങ്ങളുടെ വൈവിധ്യം പൊതുജന ശ്രദ്ധ ആകർഷിച്ചു. ആദിവാസി സ്ത്രീകളുടെ സംരംഭമായ തേജസ്‌ വിവിധ പരിസ്ഥിതി സൗഹൃദ തുണി ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം ചെയർപേഴ്സൺ ഡോ.സൗമ്യ സ്വാമിനാഥൻ പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു.നമ്മുടെ ഭാവി തലമുറകൾ നിലനിർത്താൻ വിത്ത് മുതൽ മണ്ണിന്റെ സൂക്ഷ്മജീവി സമ്പത്ത് വരെയുള്ള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ പത്മശ്രീ ചെറുവയൽ രാമൻ നൽകിവരുന്ന സേവനം വലുതാണ്.ബാലൻ നെല്ലാർച്ചാൽ, അച്ചപ്പൻ കുട്ടോനട, അയ്യപ്പൻ പിലാക്കാവ്,നൂറാങ്ക് വനിതാ കൂട്ടായ്മ എന്നിവർക്ക് വയനാട് ആദിവാസി വികസന സമിതിയുടെ സാമൂഹിക കാർഷിക ജൈവവൈവിധ്യ അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു.
 വയനാട് സാമൂഹിക വിത്തുത്സവത്തിന് മാറ്റേകി കൊണ്ട് ആരോഗ്യ- പോഷകസുരക്ഷയിൽ തിനകളുടെയും ഉപയോഗശൂന്യമായ വിളകളുടെയും പങ്ക് ; ആദിവാസികളുടെ ആരോഗ്യം, പോഷകാഹാരം, കാർഷിക വൈവിധ്യത്തിന്റെ പങ്ക് എന്നീ വിഷയങ്ങളിൽ സെമിനാറുകളും സാങ്കേതിക സെഷനുകളും നടന്നു.പരമ്പരാഗത കാർഷിക സംസ്കാരം നിലനിർത്തുന്നത്തിന്റെ ഭാഗമായി മുതിർന്ന കർഷകർ അന്യം നിന്നു പോകുന്ന വിത്തുകൾ യുവതലമുറയ്ക്ക് കൈമാറി.കർഷകരും വിദഗ്ധരും തമ്മിലുള്ള സംവാദം, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളുടെ പ്രദർശനം, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, വയനാടിന്റെ ജൈവവൈവിധ്യം സംബന്ധിച്ച ഫോട്ടോ പ്രദർശനം തുടങ്ങിയവയും മേളയുടെ ഭാഗമായി.
ഓരോ വിത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. വിത്ത് വിൽക്കാനുള്ളതല്ല അത് തലമുറകൾക്ക് വേണ്ടി സംരക്ഷിക്കുകയും തലമുറകളായി കൈമാറി കൊടുക്കേണ്ടതുമാണ്. വിത്തിന് വിപണത്തിന്റെ മൂല്യമല്ല; പരമ്പരാഗത കൈമാറ്റത്തിന്റെ മൂല്യമാണ് വേണ്ടത്. അതുകൊണ്ടുതന്നെ നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ വിത്ത് സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു വെച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന കാഴ്ചകളാണ് വയനാട് വിത്തുത്സത്തിന്റെ മുഖ്യ ആകർഷണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *