വയനാട്ടില്‍ മെഡിക്കല്‍ സമരം പൂര്‍ണം

കല്‍പ്പറ്റ: ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരം വയനാട്ടില്‍ പൂര്‍ണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ.പി വിഭാഗം പ്രവര്‍ത്തിച്ചില്ല. എന്നാല്‍ സമരം അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര സര്‍ജറി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനിലെ 200 ഓളം പേരടക്കം 500 ഓളം ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കാളികളായത്.
സുരക്ഷിതമായും ഭീതിയില്ലാതെയും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിനു നിര്‍ബന്ധിതരായതെന്നു ഐ.എം.എ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ.എം.ഭാസ്‌കരന്‍, സംസ്ഥാന സമിതിയംഗം ഡോ.വി.ജെ.സെബാസ്റ്റ്യന്‍, കല്‍പറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ.എം.പി.രാജേഷ്‌കുമാര്‍, കെ.ജി.എം.ഒ.എ പ്രതിനിധി ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.
സംസ്ഥാനത്ത് അഞ്ചു ദിവസങ്ങളില്‍ ഒന്ന് എന്ന തോതില്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ അതിക്രമം നടക്കുന്നതായാണ് ഐ.എം.എയുടെ പഠനത്തില്‍ കണ്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 200ല്‍ അധികം അതിക്രമങ്ങള്‍ ഉണ്ടായി. പല സംഭവങ്ങളിലും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുന്നില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്തില്ല.
ആശുപത്രി സംരക്ഷണ നിയമം നിലവിലുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതുമാണ്. എന്നിട്ടും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. ഐ.എം.എ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നല്‍കിയതിനെത്തുടര്‍ന്ന്, ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയെങ്കിലും പ്രത്യേക ഫലം ഉണ്ടാകുന്നില്ല. നിര്‍ഭയമായും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളണ്ടവരാണെന്ന് നിയമസഭയില്‍ ഒരു എം.എല്‍.എ പ്രസ്താവിച്ചത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് എം.എല്‍.എ നല്‍കിയത്. രോഗികളെ ചികിത്സിക്കുന്നതിനു നീക്കിവച്ചതാണ് ഡോക്ടര്‍മാരുടെ ജീവിതം. ജോലിയില്‍ ഗുരുതര വീഴ്ച വരുത്തുന്നവര്‍ക്കെതിരേ ഐ.എം.എ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലയില്‍ ഒരു ഡോക്ടറുടെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനടക്കം നഷ്ടമായത് അടുത്തകാലത്താണ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ പൊതുജനം തയാറാകണമെന്നും ഐഎംഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.



Leave a Reply