‘ഏങ്കള കല്ല്യാണാഞ്ചു’;വ്യത്യസ്തമായി കല്യാണം വിളിച്ച് ശ്രദ്ധേയമായി അവനീതും അഞ്ജലിയും

കൽപ്പറ്റ : ജീവിതത്തിന്റെ മധുരവും കൈപ്പും എല്ലാം വ്യത്യസ്തമായി ചിത്രീകരിക്കുന്ന കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ് അവനീതിന്റെയും അഞ്ജലിയുടെയും സേവ് ദ ഡേറ്റ് വീഡിയോ.മാനന്തവാടി വെള്ളമുണ്ട ആറാംചോട്ടിലെ വരനും സുൽത്താൻ ബത്തേരി ചീരാൽ കഴമ്പ്‌കുന്ന് ഊരിലെ വധുവുമാണ് ഇപ്പോൾ താരങ്ങൾ. തനത് ഭാഷയും ആചാരവും വസ്ത്രവും ആഭരണവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ലളിതമായ ചടങ്ങ്. ‘ഏങ്കള കല്ല്യാണാഞ്ചു’ എന്ന ടൈറ്റിലോടുകൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
‘മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു…..ഒക്കളും വന്തൊയി മക്കളെ…..’ എന്ന പാട്ടും കാട്ടിനുള്ളില്‍ ചിത്രീകരിച്ച മനോഹരമായ കാഴ്ച്ചകളുമാണ് വീഡിയോയിലെ ആകർഷണം.ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവര്‍ത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നതാണ് പ്രമേയം.പണിയ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ക്ക് സമാനമായ വസ്ത്രമാണ് വീഡിയോയിൽ പ്രതിശ്രുത വധു ധരിച്ചിരിക്കുന്നത്.
പരമ്പരാഗത രീതിയില്‍ വിവാഹം നടത്തുന്നത് ഇപ്പോള്‍ ഊരില്‍ കുറവാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതെന്നും അവനീത് പറഞ്ഞു. കാട്ടിനുള്ളില്‍ ചിത്രീകരിക്കാന്‍ പ്രത്യേക അനുമതി വാങ്ങേണ്ടി വന്നു.കുറേ കഷ്ടപ്പെട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സ്റ്റോറിയുടെ സ്ക്രിപ്റ്റും ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് ഉണ്ണിയും രജിത് വെള്ളമുണ്ടയും ചേർന്നാണ്.പ്രതുൽ രാഘവ് പുത്തൻ ബിജിഎമും, നിഥുൻ കളറിംഗും, കേണ്ട്മീഡിയ എഡിറ്റിങ്ങും നിർവഹിച്ചപ്പോൾ സംഗതി ഏതായാലും കളറായി.ബാഗ്രൗണ്ടിലെ സംഗീതം ആലപിച്ചിരിക്കുന്നത് വരന്റെ സഹോദരിയും സുഹൃത്തുക്കളും ചേർന്നാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇരുവർക്കും മംഗളാശംസകൾ നേരുന്നത്.



Leave a Reply