വികസന കുതിപ്പിൽ ബത്തേരി ജനറല്‍ ആശുപത്രി ; നവീകരിച്ച അത്യാഹിത വിഭാഗവും ഓപ്പറേഷന്‍ തീയറ്ററും ഉദ്ഘാടനം ചെയ്യും

ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയില്‍ 8 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച വിവിധ യൂണിറ്റുകളും സൗരോര്‍ജ്ജ പദ്ധതിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് മെയ് 28ന് നാടിന് സമര്‍പ്പിക്കും. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, സൗര ആശുപത്രി പദ്ധതി- സോളാര്‍ പ്ലാന്റ്, വേങ്ങൂര്‍ യുപിഎച്ച്‌സി അര്‍ബന്‍ പോളി ക്ലിനിക് , പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റര്‍, ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് തുടങ്ങിയവയാണ് മന്ത്രി നാടിന് സമര്‍പ്പിക്കുക. 1.25 കോടി ചെലവില്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിക്കും.
കോവിഡ് രൂക്ഷമായ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് അനുവദിച്ചതാണ് എല്‍എംഒ പ്ലാന്റ്. 94.4 ലക്ഷം രൂപ ചിലവിലാണ് 1000 എഎല്‍എംപി ശേഷിയുള്ള ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 298 കിടക്കകള്‍ക്ക് ഇതുവഴി ഓക്സിജന്‍ ലഭ്യമാക്കാന്‍ സാധിക്കും. കെ.എസ്.ഇ.ബി.യുടെ സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 166 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുളള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 25 വര്‍ഷക്കാലത്തേക്ക് 4.5 രൂപ നിരക്കില്‍ ആശുപത്രിക്ക് ആവശ്യമായ വൈദ്യുതി ഈ പ്ലാന്റില്‍ നിന്നും ലഭിക്കും.
എന്‍എച്ച്എം ഫണ്ടില്‍ നിന്ന് 6 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റര്‍, കാന്‍സര്‍ കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് എന്നിവയും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാന്‍സര്‍ കെയര്‍ യൂണിറ്റ്, ബ്ലോക്ക പഞ്ചായത്ത് ഫണ്ടില്‍ നിര്‍മ്മിച്ച കുട്ടികള്‍ക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ്, പി.ഡബ്ല്യു.ഡി. ബില്‍ഡിങ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആശുപത്രിയിലേക്കുള്ള റിങ് റോഡ് എന്നിവയുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച കാഷ്വാലിറ്റി, ലിഫ്റ്റുകള്‍, ഓര്‍ത്തോ, ജനറല്‍ സര്‍ജറി എന്നിവയ്ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 315 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍, 250 കെ.വി ജനറേറ്റര്‍, 40 കെ.വി.എ, 10 കെ.വി.എ യു.പി.എസുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ്, ബേസ്‌മെന്റ് മുതല്‍ രണ്ടാം നിലവരെയുള്ള നാലു നിലകളില്‍ സി.സി.ടി.വി, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ലാന്‍ സംവിധാനം, സിഎസ്എസ്ടി (സെന്‍ട്രലൈസ്ഡ് സ്റ്റെറിലൈസ്ഡ് സപ്ലയര്‍ സിസ്റ്റം), സര്‍ജിക്കല്‍ ഐസിയു, വാര്‍ഡ് നവീകരണം എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിക്കും.



Leave a Reply