എ ഫോര്‍ ആധാര്‍ മെഗാ ക്യാമ്പയിന്‍ 7482 കുട്ടികള്‍ക്ക് ആധാര്‍ ലഭ്യമായി

കൽപ്പറ്റ : ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തിയ 'എ ഫോര്‍ ആധാര്‍' ക്യാമ്പിലൂടെ 7482 കുട്ടികള്‍ക്ക് ആധാര്‍ ലഭ്യമായി. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.ടി. മിഷന്‍, അക്ഷയ പ്രോജക്ട്, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിംഗ് സര്‍വ്വീസ്, ധനലക്ഷ്മി ബാങ്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, ഡബ്ല്യുസിഡി, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയില്‍ തെരഞ്ഞെടുത്ത അങ്കണവാടികളിലായി 110 എന്റോള്‍മെന്റ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെ 5085 കുട്ടികള്‍ക്കും ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിംഗ് സര്‍വ്വീസിലൂടെ 2344 കുട്ടികള്‍ക്കും ധലക്ഷ്മി ബാങ്കിലൂടെ 25 കുട്ടികള്‍ക്കും ആധാര്‍ ലഭ്യമായി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 5 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയായിരുന്നു ക്യാമ്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ആധാര്‍ എന്റോള്‍മെന്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി തുടര്‍ ക്യാമ്പുകളുടെ സാധ്യത പരിശോധിക്കാന്‍ അംഗന്‍വാടികള്‍ക്ക് നിര്‍ദേശം നല്‍കി. മേയ് 30 നകം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കും. ക്യാമ്പുകളിലേയ്ക്ക് വരാന്‍ സാധിക്കാത്തവര്‍ക്കും ഇതുവരെ ആധാര്‍ ലഭിക്കാത്തവരുടെയും വിശദാംശങ്ങള്‍ അങ്കണവാടി ടീച്ചര്‍മാര്‍ മുഖേനെ ശേഖരിക്കും. അവ പരിശോധിച്ച് തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ ക്യാമ്പ് സജ്ജീകരിക്കും. ഇതിനു പുറമേ രക്ഷിതാക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.



Leave a Reply