ടൂറിസം രംഗത്തെ ഭൂരിപക്ഷ സംഘടനയെ ഒഴിവാക്കി വീണ്ടും സ്പ്ലാഷ് മാമാങ്കം
വൈത്തിരി : വയനാടിൻ്റെ ടൂറിസം രംഗത്ത് കുതിച്ച് ചാട്ടമൊരുക്കുമെന്ന പേരിൽ നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിനെതിരെ ആക്ഷേപം .വയനാട്ടിലെ പ്രമുഖ ടൂറിസം സംരംഭകരെ ഒഴിവാക്കി ന്യൂന പക്ഷ അംഗങ്ങളുള്ള സംഘടന മഴ മഹോൽസവം വഴി ലക്ഷങ്ങൾ ചെലവഴിക്കപ്പെടുകയാണന്നാണ് പരാതി. വയനാട്ടിൽ 1000 ത്തിൽ അധികം അംഗങ്ങളുള്ള വയനാട് ടൂറിസം അസോസിയേഷനെ ഇതിൽ ടൂറിസം വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം 50 ൽ താഴെ അംഗങ്ങളുള്ള വയനാട് ടൂറിസം ഓർഗനൈസേഷനാണ് പങ്കാളി.മഹോൽസവം ജില്ലയുടെ ടൂറിസം വികസനത്തിന് സംഭാവനകൾ നൽകുന്നില്ലെന്നും പണം ധൂർത്തടിക്കാനുള്ള ഉൽസവമാണന്നും നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സ്പ്ലാഷിന് 30 ലക്ഷം അനുവദിച്ചത് വിവാദമായിരുന്നു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് പണം ടൂറിസം വകുപ്പ് അനുവദിച്ചത്. സ്പ്ലാഷ് നടത്തുന്നത് കൊണ്ട് റിസോട്ടുകൾക്കും മെച്ചമില്ലെന്ന് ഉടമകൾ പറയുന്നു. വിവിധ ടൂർ പ്രൊമോട്ടർമാരും ,ഏജൻസികളും റിസോട്ടിൽ താമസിച്ച് സൗകര്യങ്ങൾ ആസ്വദിച്ച് മടങ്ങുകയാണ്.
പിന്നീട് വരുന്ന ടൂറിസ്റ്റുകളെ ഈ റിസോട്ടിലേക്ക് നൽകാതെ സംഘടനിയിലെ ചിലരുടെ മാത്രം റിസോട്ടുകളിലേക്ക് പ്രൊമോട്ടു ചെയ്യുകയാണന്നും ആരോപണമുണ്ട്. സർക്കാർ ഫണ്ടും സ്റ്റാൾ വിൽപ്പന നടത്തിയുള്ള വരുമാനവും ടൂറിസം രംഗത്തേക്ക് വിനയോഗിക്കപ്പെടുന്നില്ലന്നും ആക്ഷേപമുണ്ട്. ടൂറിസം പഠിക്കാനെന്ന പേരിൽ ചിലർ വിദേശയാത്ര നടത്താനാണ് ഇതിനെ ഉപയോഗിക്കുന്നത്.
ഇതേ തുടർന്ന് മുൻ നിര റിസോട്ടുകാർ ഈ സംഘടനയിൽ നിന്നും സ്പ്ലാഷിൽ നിന്നും ഉൾവലിഞ്ഞിട്ടുണ്ട്. ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ്റെ തെറ്റിദ്ധാരണ ജനകമായ റിപ്പോർട്ടിൻ്റെ മുകളിലും ചില പരസ്പര താൽ പര്യങ്ങളിലുമാണ് വയനാടിനോ ഭൂരിഭാഗം ടൂറിസം പ്രൊമോട്ടേഴ്സിനൊ ഗുണകരമല്ലാത്ത ഈ പരിപാടി അരങ്ങേറുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് കെ.പി സൈയ്തലവി പറഞ്ഞു.സംഘടനിയിലെ ഏതാനും വ്യക്തിക്കും ചില ഉദ്യോഗസ്ഥരും നടത്തുന്ന വൻ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം സ്പ്ലാഷ് മാമാങ്കത്തെ മഹത്വവൽക്കരിക്കാനുള്ള അണിയറ നീക്കം സംഘാടകർ നടത്തുന്നുണ്ട്. മാധ്യമ – രാഷ്ട്രിയ – സാമൂഹിക പ്രവർത്തകരെ ബോധ്യപ്പെടുത്താനെന്ന രീതിയിൽ വിവിധ സൽക്കാരങ്ങൾ നൽകി തുടങ്ങി.അതേ സമയം തന്നെ പത്രങ്ങൾ ,ചാനലുകൾ, ഓൺലൈൻ സ്ഥാപനങ്ങൾ എന്നിവർക്ക് വാർത്തകൾ എത്തിച്ച് നൽകാനും വരുന്ന വാർത്തകളും മറ്റും കാണിച്ച് വകുപ്പിനെ ബോധ്യപ്പെടുത്താൻ സ്വകാര്യ ഏജൻസിയെ സംഘാടകർ നിയോഗിച്ചിട്ടുണ്ട്.
Leave a Reply