പോലീസ്നാടുകടത്തിയയാൾ മോഷണക്കേസിൽ അറസ്റ്റിൽ
മാനന്തവാടി : കാപ്പചുമത്തി നാടുകടത്തിയ ആളെ മോഷണക്കേസിൽ മാനന്തവാടി പോലീസ് അറസ്റ്റുചെയ്തു. അമ്പുകുത്തി കല്ലിയോട്ടുകുന്ന് ആലക്കൽ വീട്ടിൽ റഫീഖ് (39) ആണ് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ്റെ വലയിലായത്. കല്ലിയോട്ടുകുന്നിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. കല്ലിയോട്ടുകുന്നിലെ കടയിൽനിന്ന് 460 രൂപയും സിഗരറ്റുമാണ് റഫീഖ് കവർന്നത്. 2007-ലെ കേരള സമൂഹവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരം കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവിലൂടെ ഒരുവർഷത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ജൂണിൽ റഫീഖിനെ നാടുകടത്തിയിരുന്നു. ഇതുപ്രകാരം അടുത്തവർഷം ജൂണിൽ മാത്രമേ റഫീഖ് ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളൂ. പിടികൂടിയശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 16-ന് വരടിമൂലയിലെ കടകളിൽ മോഷണം നടത്തിയയതും റഫീഖ് ആണെന്ന് വ്യക്തമായി. നാടുകടത്തി ദിവസങ്ങൾക്കകമാണ് റഫീഖ് വരടിമൂലയിൽ മോഷണം നടത്തിയത്. 13,000 രൂപയാണ് ഇവിടെനിന്ന് കവർന്നത്. മനേകുടിയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള അന്ന സ്റ്റോർ, വനിതാ മെസ്, റഷീദിന്റെ ഉടമസ്ഥതയിലുള്ള ബിസ്മിസ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. വനിതാമെസിന്റെ ഗ്രില്ലുതുറന്ന് അകത്ത് കയറി കത്തികൾ കൈക്കലാക്കിയശേഷം സീലിങ് തകർത്താണ് ബിസ്മിസ്റ്റോറിൽ മോഷണം നടത്തിയത്. അന്നസ്റ്റോറിന്റെ മേൽക്കൂരയിലെ ടിൻഷീറ്റുകളും തകർത്തിരുന്നു.
റഫീഖിന്റെ പേരിൽ കോട്ടയം മണർകാട്, കേണിച്ചിറ സ്റ്റേഷനുകളിലായി മൂന്നുകേസും എൻ.ഡി.പി.എസ്. കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. റഫീഖിനെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.
Leave a Reply