ബത്തേരി താളൂർ റോഡ്; സമരസമിതി നിരാഹാരം തുടങ്ങി. വിഴുപ്പലക്കി ജനപ്രതിനിധികൾ
ബത്തേരി: രണ്ട് വർഷം മുമ്പ് തുടങ്ങിയ താളൂർ – ബത്തേരി റോഡ് നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതി നിരാഹാരം തുടങ്ങി. അതേ സമയം വിഷയത്തിൽ പരസ്പരം വിഴുപ്പലക്കി ഭരണ- പ്രതിപക്ഷ കക്ഷികൾ. റോഡ് വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെ പോര് നടക്കവെ തന്നെഒരുഭാഗത്ത് സജീവമായി നടക്കുമ്പോൾ നിരാഹാര സമരവുമായി നാട്ടുകാർ രംഗത്തിറങ്ങി.ഇതോടെറോഡ് വിഷയം വലിയ ജനകീയ വിഷയമായി.
രണ്ടുവർഷം മുമ്പ് തുടങ്ങിയ റോഡുപണി ഏകദേശം ആറുമാസം മുമ്പ് പൂർത്തിയാകേണ്ടതായിരുന്നു. കരാറുകാരന്റെ അനാസ്ഥയിൽ റോഡുപണി നീണ്ടതോടെ യാത്രക്കാർ അക്ഷരാർഥത്തിൽ ഗതികേടിലായി. വാഹന ഗതാഗതം തകരാറിലായതോടെ സമരങ്ങളും സജീവമായി. ഭരണകക്ഷിയായ സി.പി.എം ഒരുഭാഗത്തും സ്ഥലം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ മറുചേരിയിലും അണിനിരന്ന രാഷ്ട്രീയ കൊമ്പുകോർക്കലാണ് നടക്കുന്നത് എന്നാൽ, ഇത് വകവെക്കാതെയാണ് ജനകീയ സമരസമിതിയുടെ നീക്കം. രാഷ്ട്രീയ നേതാക്കളേക്കാൾ കൂടുതൽ മത-സാംസ്കാരിക മേഖലയിലുള്ളവരാണ് ജനകീയ സമര സമിതിയിൽ അണിനിരന്നിട്ടുള്ളത്.
കിഫ്ബി ഫണ്ടിലാണ് റോഡ് നിർമാണം നടക്കുന്നത്. കിഫ്ബിയെ ഒഴിവാക്കി പൊതുമരാമത്തിനെ റോഡ് നിർമാണം ഏൽപിക്കണമെന്നാണ് ജനകീയ സമരസമിതിയുടെ ആവശ്യം. കിഫ്ബിയിൽ പണി നടക്കുന്ന ബീനാച്ചി -പനമരം റോഡിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ബത്തേരി-താളൂർ റോഡ് സമര സമിതി കിഫ്ബിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത്. ജനകീയ സമരസമിതിയുടെ സമരം ഭരണകക്ഷിക്കും എം.എൽ.എക്കും തലവേദനയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. റോഡ് നിർമാണം സംബന്ധിച്ച് ശക്തമായ ഉറപ്പുലഭിക്കണമെന്നാണ് സമരസമിതി നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം നടക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.
രണ്ടുവർഷം മുമ്പാണ് റോഡുപണി തുടങ്ങിയത്. തമിഴ്നാട്ടിലെ സേലത്തുള്ള പ്രത്യൻ ഇൻഫ്രാസ്ട്രക്ചേഴ്സ് കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 31.5 കോടി രൂപയായിരുന്നു അടങ്കൽ തുക. 15 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥ. പ്രത്യൻ കമ്പനി കാര്യക്ഷമമായിരുന്നുവെങ്കിൽ താളൂർ-ബത്തേരി റോഡിന് ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. പ്രത്യനെ ഒഴിവാക്കിയതോടെ ഇനി പുതിയ കരാറുകാരൻ വരണം. പ്രത്യനെ പെട്ടെന്ന് ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ ഭരണകക്ഷി പറയുന്നത്. നിർമാണത്തിൽ അലസത വരുത്തിയ കരാറുകാരൻ ഒഴിവാക്കപ്പെടേണ്ടതു തന്നെയായിരുന്നുവെന്ന് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പറയുന്നു.
Leave a Reply