ഹോസ്റ്റല്‍ ഗ്രാന്റ് മുടങ്ങിയിട്ട് 9 മാസം: കൊച്ചിയില്‍ ഉപരിപഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാർഥികൾ ദുരിതത്തിൽ
കല്‍പ്പറ്റ: ഒമ്പത് മാസമായി ഹോസ്റ്റല്‍ ഗ്രാന്റ് മുടങ്ങിയത് കൊച്ചിയില്‍ ഉപരിപഠനം നടത്തുന്ന വയനാട്, അട്ടപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള 50 ഓളം പട്ടികവര്‍ഗ വിദ്യാര്‍ഥികളെ ഗതികേടിലാക്കി. കോളജ് ഹോസ്റ്റലുകളില്‍ സൗകര്യം കിട്ടാത്ത സാഹചര്യത്തില്‍ ആദിശക്തി സമ്മര്‍ സ്‌കൂള്‍ സജ്ജമാക്കിയ ഹോസ്റ്റലില്‍ താമസിക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയില്‍. ഗ്രാന്റ് ഇനിയും വൈകിയാല്‍ വിദ്യാര്‍ഥികളുടെ പഠനം നിലയ്ക്കുമെന്ന് ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകർ പറയുന്നു. സി. മണികണ്ഠന്‍, കെ.വി. വിപിന്‍, എം.കെ. കാവ്യ, കെ.ആര്‍. രാഹുല്‍, എന്‍.വി. പ്രകൃതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഹോസ്റ്റല്‍ ഗ്രാന്റ് ഉടന്‍ അനുവദിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിശക്തി സമ്മര്‍ സ്‌കൂള്‍ 21ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുമെന്നും ധനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അവര്‍ അറിയിച്ചു.
ഉന്നത പഠനത്തിനു കലാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റുകള്‍ ജീവിക്കാന്‍ പര്യാപ്തമല്ല. ഗ്രാന്റ് യഥാസമയം നല്‍കാറുമില്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കു മാസം 3,500 രൂപയാണ് ഗ്രാന്റ്. സ്വകാര്യ ഹോസ്റ്റലുകളിലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് 3,000 ഉം പട്ടികജാതിക്കാര്‍ക്ക് 1,500 ഉം രൂപയാണ് ഗ്രാന്റ് നല്‍കുന്നത്. ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് കോര്‍പസ് ഫണ്ടില്‍നിന്നാണ് ഗ്രാന്റ് ലഭ്യമാക്കുന്നത്. കൊച്ചിയില്‍ സ്വകാര്യ ഹോസ്റ്റില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് ഹോസ്റ്റല്‍ ഗ്രാന്റ് ഇനത്തില്‍ കുടിശിക. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള മുഴുവന്‍ ആനുകുല്യങ്ങളും ലഭ്യമാക്കിയതായാണ് വകുപ്പുമന്ത്രി പറയുന്നത്. ഇത് ശരിയില്ല.
ഭക്ഷണം, താമസം എന്നിവയ്ക്കുള്ള ചെലവ് നഗരങ്ങളില്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഹോസ്റ്റല്‍ ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് എസ്‌സി-എസ്ടി വകുപ്പ് രണ്ടു വര്‍ഷം മുമ്പ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
ഗ്രാന്റുകള്‍ കാലോചിതമായി വര്‍ധിപ്പിക്കുക, വകയിരുത്തുന്ന തുക പ്രതിമാസം നല്‍കുക, ഗവേഷക വിദ്യാര്‍ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക, ഇ ഗ്രാന്റ് വരുമാന പരിധി രണ്ടു ലക്ഷം രൂപ എന്നത് ഒഴിവാക്കുക, എല്ലാ അംഗീകൃത കോഴ്‌സുകളും ഇ ഗ്രാന്റ്‌സ് പരിധിയിലാക്കുക, ലാപ്‌ടോപ്പിനുള്ള സഹാധനം നേരിട്ടുനല്‍കുക, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കും വേടര്‍, നായാടി തുടങ്ങിയ പട്ടികജാതി വിഭാഗങ്ങള്‍ക്കും ഹോസ്റ്റല്‍ പ്രവേശനത്തിനു മുന്‍ഗണന നല്‍കുക, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക താമസ സൗകര്യവും സഹായധനവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് പടിക്കലെ സമരം. രാവിലെ മുതല്‍ ഉച്ചവരെ നടത്തുന്ന സത്യഗ്രഹത്തിനുശേഷം വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, അക്കാദമിക് ഗവേഷകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ആദിശക്തി സ്‌കൂള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
Leave a Reply