May 20, 2024

വന്യമൃഗ ശല്യം; കൃഷി സംരക്ഷണത്തിനായി സമഗ്ര കര്‍മ്മ പദ്ധതി

0
20231020 213437

കൽപ്പറ്റ : ജില്ലയില്‍ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുക. കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കുന്നത്.

വന്യജീവികള്‍ കൃഷിയിടത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവിധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം.

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 കോടി 88 ലക്ഷം രൂപയിലാണ് പദ്ധതി നടപ്പിലാക്കുക. ഇതില്‍ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമാണ്. പദ്ധതിയിലൂടെ 130 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിംഗ് / ഹാംഗിംഗ് ഫെന്‍സിംഗ് പോലുള്ള വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനനുയോജ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല.

ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി തിരെഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. മുന്‍ഗണനാലിസ്റ്റ് കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ട്. പദ്ധതിക്കനുയോജ്യമായ ഏരിയ കണ്ടെത്തുന്നതിനായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരടങ്ങുന്ന സംയുക്ത പരിശോധന നവംബര്‍ 5 നകം പൂര്‍ത്തിയാക്കും. നവംബര്‍ 12 നകം പദ്ധതിയുടെ അന്തിമ രൂപരേഖ സമര്‍പ്പിക്കും. മാര്‍ച്ച് 31 നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരങ്ങളില്‍ വന്യജീവി പ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ പഠനം നടത്തും. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് അനുയോജ്യമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി അന്തിമമാക്കുന്നതിനും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ വനമേഖലയോട് ചേര്‍ന്നുള്ള പഞ്ചായത്തുകളില്‍ വന്യമൃഗ ശല്യം നേരിടുന്നതിനായി അനുയോജ്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജിത് കുമാര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *